മുണ്ടക്കയം:കലി തുള്ളി കാലവർഷം, മലയോര മേഖലയിൽ ഉരുൾപൊട്ടൽ, മണിമലയാർ, പുല്ലകയാർ അഴുതയാർ എന്നിവ കവിഞ്ഞൊഴുകുന്നു.മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട്, ഇളങ്കാട്, കൊക്കയാർ, എരുമേലി മേഖലയിൽ വ്യാഴാഴ്ച പുലർച്ചെ മുതൽ നിലയ്ക്കാതെ പെയ്ത കനത്ത മഴയിൽ ആറുകൾ കവിഞ്ഞൊഴുകുന്നത് നാടിനെ ഭീതിയിലാക്കി.
കൂട്ടിക്കൽ പഞ്ചായത്തിന്റെ ഇളംകാട് വനമേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായതായാണ് സൂചന. രാത്രി ഏഴ് മണിയോടെ പുല്ലകയാറിൽ അനിയന്ത്രിതമായി ജലനിരപ്പ് ഉയർന്നു. പുല്ലകയാറിന്റെ പ്രഭവ കേന്ദ്രമായ വലേന്ത, മൂപ്പൻമല തുടങ്ങിയ സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായതോടെ കഴിഞ്ഞ വർഷം പുല്ലകയാറ്റിൽ ജലനിരപ്പ് ഉയർന്നിരുന്നു. ഈ പ്രദേശത്ത് തന്നെ ഉരുൾപൊട്ടൽ ഉണ്ടായതാകാം ജലനിരപ്പ് ഉയരാൻ കാരണമെന്നാണ് കരുതുന്നത്.. ഇളങ്കാട്-വല്യേന്ത പാലത്തിൽ വെള്ളം കയറി ഒഴുകി. പാലത്തിൽ തടഞ്ഞ മരത്തടി അഗ്നി ശമന സേനഎത്തിയാണ് നീക്കം ചെയ്തത്. ഇതോടെ സമീപത്തെ താമസക്കാരായ മുണ്ടുനടയ്ക്കൽ മജേഷ്, കാപ്പിയിൽ ശശികുമാർ ,മാലിയിൽ ശശി എന്നിവരുടെ വീടുകളിൽ വെള്ളം കയറി.
വല്യേന്ത കുറ്റിക്കയം തങ്കൻ്റെ വീട് പ്ലാവ് വീണ് ഭാഗീകമായി തകർന്നു. പുതുപ്പറമ്പിൽ സാബുവിന്റെ പുരയിടത്തിൽ മണ്ണിടിച്ചിൽ ഉണ്ടായി.രാത്രി വൈകിയും മഴ തുടരുകയാണ്.
പുല്ലകയാർ, താളുങ്കൽ ആറ് എന്നിവിടങ്ങളിൽ ജലനിരപ്പു ഉയർന്നതോടെ ആറ്റോരം ഭാഗത്തെ വീടുകളിലെ താമസക്കാരെ മാറ്റി പാർപ്പിക്കാൻ നടപടി സ്വീകരിച്ചു. കൂട്ടിക്കൽ ചപ്പാത്തു പാലവും വെള്ളം മുട്ടിയൊഴുകുകയാണ്.
അടിയന്തര സാഹചര്യം ഉണ്ടായാൽ പുല്ലകയാറിന്റെ തീരത്ത് ഉള്ളവരെയും ഉരുൾപ്പൊട്ടൽ സാധ്യത നിലനിൽക്കുന്ന പ്രദേശത്തെയും ആളുകളെ മാറ്റി പാർപ്പിക്കാൻ ഏന്തയാർ ജെ.ജെ. മർഫി സ്കൂൾ, കൂട്ടിക്കൽ കെ.എം. ജെ. പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ ക്യാമ്പുകൾ തുറന്നതായി പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോസ് പറഞ്ഞു. .
ഏന്തയാര്‍ ജെ.ജെ മര്‍ഫി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കൂട്ടിക്കല്‍ മേഖലയിലെ 14 കുടുംബങ്ങളില്‍നിന്നുള്ള 27 പേരുണ്ട്. ഇതില്‍ 17 പുരുഷന്‍മാരും 10 സ്ത്രീകളും ഉള്‍പ്പെടുന്നു. കിടപ്പു രോഗികളും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവരുമായ അഞ്ചു പേരെ ആശുപത്രികളിലേക്ക് മാറ്റി.
പുല്ലകയാറ്റിൽ നിന്നും മണിമലയാറ്റിലേക്കാണ് വെള്ളം ഒഴുകി എത്തുന്നത്. ഇതോടെ ടൗണിൽ കോസ് വേ പാലത്തിൽ വെള്ളം മുട്ടി ഒഴുകുകയാണ്. ആവശ്യം വന്നാൽ കല്ലേപാലത്തിന് സമീപം താമസിക്കുന്നവരെയും വെള്ളനാടിയിൽ ആറിന്റെ തീരത്ത് ഉള്ള വീടികുളിലെ ആളുകളെയും മാറ്റി പാർപ്പിക്കാൻ നടപടികൾ സ്വീകരിച്ചു.
അഴുതയാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ കോരുത്തോട് ടൗണിലുടെ ഒഴുകുന്ന തോടും നിറഞ്ഞു കവിഞ്ഞു. ടൗണിനു സമീപമുള്ള മൂന്നു വീടുകളിൽ വെള്ളം കയറി.
വലിയ കടുപ്പിൽ അനിൽ കുമാർ, തെരുവും കുന്നേൽ വിനോദ് ,ഇടയാടിക്കുഴി ,മധു ,എന്നിവരുടെ വീടുകളിൽ വെള്ളം കയറി. കുഴിമാവ് കോസ് വെ വെള്ളത്തിനടിയിലായി.
എരുമേലി മേഖലയിലെ തോടുകളിലും ജലനിരപ്പുയർന്നു. പമ്പയാർ, അഴുതയാർ എന്നിവിടങ്ങളിൽ ക്രമാധീതമായി വെള്ളമുയർന്നു. മൂക്കംപെട്ടി, അറയാഞ്ഞിലിമണ്ണ്, കുറുമ്പും മുഴി കോസ് വേയിൽ വെള്ളം കയറി.