കൊച്ചി: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ല കലക്ടറേറ്റില്‍ ആശങ്ക. എറണാകുളം ആര്.ടി. ഓഫീസിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ തമ്മനം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആര്.ടി ഓഫീസ് അടച്ചു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവര്‍ത്തകയായ ഭാര്യക്കും രോഗമുണ്ട്. ഇരുവരുടെയും സമ്പര്‍ക്ക പട്ടിക തയാറാക്കുകയാണ്. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് മറ്റ് ഉദ്യോഗസ്ഥരുമായി അടുത്ത സമ്പര്‍ക്കമുണ്ടായത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇതോടെ 80ഓളം ജീവനക്കാരുള്ള ഓഫീസിലെ മിക്കവാറും പേരോടും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം. ആര്.ടി.ഒ അടക്കം 60ലധികം പേര് ക്വാറന്റൈനിലാകും.
അണുവിമുക്തമാക്കാന്‍ ആര്.ടി ഓഫീസ് വ്യാഴാഴ്ച വരെ അടച്ചു. തുടര്‍ച്ചയായി മൂന്ന് ദിവസം കൂടി അവധിയുള്ളതിനാല്‍ അടുത്ത തിങ്കളാഴ്ച മാത്രമേ ഇനി തുറക്കൂ. അവധിയിലുള്ള ഉദ്യോഗസ്ഥരോട് ജോലിക്ക് കയറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത്രയധികം പേര് ഒരുമിച്ച് ക്വാറന്റൈനില്‍ പോകുന്നതിനാല്‍ ഓഫീസ് പ്രവര്‍ത്തനം താളം തെറ്റുമെന്നാണ് സൂചന.