കൊച്ചി:തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ പത്തര മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷം വിട്ടയച്ചു. വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ അറിയിച്ചു.ചോദ്യംചെയ്യലിന് ശേഷം കൊച്ചി എന്‍ഐഎ ഓഫീസില്‍ നിന്ന് ശിവശങ്കര്‍ തിരുവനന്തപുരത്തേക്ക് മടങ്ങി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത്. രാവിലെ പത്ത് മണിക്കാണ് ശിവശങ്കറിനെ ചോദ്യംചെയ്യാന്‍ ആരംഭിച്ചത്.
സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എം ശിവശങ്കറിനെ ആദ്യം കസ്റ്റംസും പിന്നീട് എന്‍ഐഎയും തിരുവനന്തപുരത്ത് ചോദ്യം ചെയ്തിരുന്നു. അതിന് ശേഷം കൊച്ചിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു.