തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശന നടപടികൾ ജൂലായ് 29-ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജൂലായ് 24 ന് തുടങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ 29-നാവും തുടങ്ങുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൂർണമായും ഓൺലൈൻ സംവിധാനത്തിലൂടെയാവും പ്രവേശന നടപടികൾ. അപേക്ഷകൾ പൂർണമായും ഓൺലൈനിലൂടെ സമർപ്പിക്കാം. ഓഗസ്റ്റ് 14 വരെ അപേക്ഷകൾ സ്വീകരിക്കും. സ്കൂളുകളിൽ അധ്യാപകർ, അനധ്യാപകർ എന്നിവരെ ഉൾപ്പെടുത്തി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങളോടെയുള്ള ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കും. ജൂലായ് 29 മുതൽ പ്രവേശന നടപടികൾ അവസാനിക്കുന്നതുവരെ ഹെൽപ്പ് ഡെസ്കുകളുടെ പ്രവർത്തനം തുടരും. സ്വന്തമായി അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് താമസ സ്ഥലത്തിന് സമീപമുള്ള സ്കൂളുകളിലെ സഹായ കേന്ദ്രങ്ങളിലെത്തി അപേക്ഷ സമർപ്പിക്കാം. സംശയ നിവാരണത്തിനായി ജില്ലാ – മേഖലാ – സംസ്ഥാന തലങ്ങളിൽ ഹെൽപ്പ് ഡെസ്കുകൾ ഉണ്ടാവുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.