ന്യൂഡല്‍ഹി: ഡല്‍ഹി ജനസംഖ്യയുടെ 47 ലക്ഷം പേരിലും (ഏതാണ്ട് 23.48%) കോവിഡ് വൈറസ് ബാധിച്ചിട്ടുണ്ടാകാമെന്നു സിറോ പ്രീവാലന്‍സ് സര്‍വേ കണ്ടെത്തിയെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം. ഡല്‍ഹിയിലാകെയുള്ള ജനങ്ങളില്‍ 23.48% പേരിലും ഐജി. ജി.(ഇമ്യൂണോഗ്ലോബിന്‍ ജി.) എന്ന ആന്റിബോഡിയുടെ സാന്നിധ്യമാണു സര്‍വേയില്‍ കണ്ടെത്തിയത്. അതായത് വൈറസ് ബാധിച്ച വലിയൊരു പങ്കിനും ലക്ഷണങ്ങളൊന്നുമില്ലായിരുന്നു.
ഡല്‍ഹിയിലെ 11 ജില്ലകളിലും സര്‍വേ നടത്തിയിരുന്നു. 21387 പേരില്‍ നിന്ന് രക്‌തസാമ്ബിളുകള്‍ ശേഖരിച്ചു. ഇമ്യൂണോഗ്ലോബിന്‍ ജി ആന്റിബോഡിയുടെ സാന്നിധ്യം അറിയാന്‍ ലാബില്‍ പരിശോധന നടത്തി. ബാക്‌ടീരിയ, െവെറസ് എന്നിവ മൂലമുള്ള അണുബാധയെയും അലര്‍ജികളെയും ചെറുക്കാന്‍ രക്‌തത്തിലും മറ്റു ശരീരസ്രവങ്ങളിലുമുണ്ടാകുന്ന ഏറ്റവും സാധാരണ ആന്റിബോഡിയാണ് ഐജി.ജി. അണുബാധയ്‌ക്കുശേഷം ഐജി. ജി. രൂപപ്പെടാന്‍ കുറച്ചുസമയമെടുക്കും.
മുന്‍ അണുബാധയുടെ സാന്നിധ്യം അറിയാന്‍ ഈ ആന്റിബോഡി ഉപകരിക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്(ഐ.സി.എം.ആര്‍.) വ്യക്‌തമാക്കി. രണ്ടുകോടി ജനങ്ങളുള്ള ഡല്‍ഹിയില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണു ദേശീയ രോഗ നിവാരണ കേന്ദ്ര(എന്‍.സി.ഡി.സി)വും ഡല്‍ഹി സര്‍ക്കാരും ചേര്‍ന്ന് സിറോ പ്രീവാലന്‍സ് സര്‍വേ തുടങ്ങിയത്.
സര്‍വേ ജൂണ്‍ 27നും ജൂെലെ 10നും ഇടയിലാണ് നടത്തിയത്. അതിനാല്‍ കുടുതല്‍ ആളുകള്‍ വൈറസിനെതിരേ ഇതിനോടകം ആന്റിബോഡി വികസിപ്പിച്ചിട്ടുണ്ടായിരിക്കാം എന്നാണു വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്.എന്നാല്‍ ആന്റിബോഡിയുടെ സാന്നിധ്യം മാത്രം പോരാ അവയുടെ ഗുണം കൂടി അറിഞ്ഞാലേ രോഗപ്രതിരോധത്തില്‍ ഇവ എത്രമാത്രം ഫലവത്താണെന്ന് വ്യക്‌തമാകു.