തിരുവനന്തപുരം : യുഎഇ കോണ്‍സുലേറ്റ് ഗണ്മാന് ജയഘോഷിന് സസ്പെന്ഷന്. യുഎഇ കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാനായിരുന്ന ഇയാള്‍ കോണ്‍സുല്‍ ജനറലും അറ്റാഷെയും വിദേശത്തേക്കു പോയത് അറിയിച്ചിരുന്നില്ലെന്നതും തന്റെ കൈവശം ഉണ്ടായിരുന്ന പിസ്റ്റള്‍ തിരികെ നല്‍കുന്നതിലും വീഴ്ച വരുത്തിയെന്നിങ്ങനെ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്ന് വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്പെന്‍ഡ് ചെയ്തത്. സ്വര്‍ണക്കടത്തു കേസിനു പിന്നാലെ ജയഘോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
അതേസമയം, ജയഘോഷിനെതിരെ വധശ്രമമുണ്ടായി എന്ന മൊഴി പൊലീസും വിശ്വാസത്തിലെടുക്കുന്നില്ല. ഇന്ന് ആശുപത്രി വിട്ട ജയഘോഷിന്റെ മൊഴി കേരളാ പൊലീസും രേഖപ്പെടുത്തിയിരുന്നു. ജയഘോഷിനെതിരെ വകുപ്പുതല അന്വേഷണത്തിനും ശുപാര്‍ശയുണ്ട്. തിരുവനന്തപുരം സിറ്റി കണ്‍ട്രോള്‍റൂം ഡിവൈഎസ്പിയ്ക്കാണ് ജയഘോഷിനെതിരായ അന്വേഷണത്തിന്റെ ചുമതല. കോണ്‍സുലേറ്റ് ജനറലിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന എആര്‍ ക്യാംപിലെ പൊലീസുകാരന് എസ്.ആര്.ജയഘോഷിന്റെ സേവന കാലാവധി നീട്ടി നല്‍കിയതില്‍ അസ്വഭാവികയുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
സര്‍വീസ് തോക്ക് മടക്കി നല്കാന് ജയഘോഷും കോണ്‍സുലേറ്റില്‍ ജോലിയിലുണ്ടായിരുന്ന മറ്റൊരു ഗണ്മാന് അഖിലേഷും തയാറായില്ലെന്നും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് ഇരുവര്‍ക്കെതിരെയും അച്ചടക്ക നടപടി സ്വീകരിക്കാനുള്ള ശുപാര്‍ശ ഉണ്ടായത്.