കൊച്ചി: ഉപഭോക്താക്കള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ സിബില്‍ സ്‌കോറും ക്രെഡിറ്റ് റിപ്പോര്‍ട്ടും ലഭ്യമാക്കുവാന്‍ ട്രാന്‍സ് യൂണിയന്‍ സിബില്‍
പദ്ധതി നടപ്പാക്കി. ഡിജിറ്റല്‍ ഇന്ത്യയുടെ കോമണ്‍ സര്‍വീസസ് സെന്ററുകളുടെ (സിഎസ്‌സി) സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
സിഎസ്‌സിക്ക് രാജ്യത്തൊട്ടാകെ 3.61 ലക്ഷം സര്‍വീസ് കേന്ദ്രങ്ങളുണ്ട്. ഗ്രാമങ്ങളിലെ ഉപഭോക്താക്കള്‍ക്ക് അവരുടെ ഏറ്റവും അടുത്ത വില്ലേജ് ലെവല്‍ എന്റര്‍പ്രണേഴ്‌സ് (വിഎല്‍ഇ) കേന്ദ്രങ്ങളിലെത്തി ആധാറും ബയോമെട്രിക്ക് പരിശോധനയും വഴി സിബില്‍ സ്‌കോറും ക്രെഡിറ്റ് റിപ്പോര്‍ട്ടും കരസ്ഥമാക്കാം.
കോമണ്‍ സര്‍വീസസ് കേന്ദ്രങ്ങള്‍ വായ്പാ അവസരങ്ങളേക്കുറിച്ചും വായ്പ അച്ചടക്കത്തെക്കുറിച്ചും ക്രെഡിറ്റ് റിപ്പോര്‍ട്ട്, സിബില്‍ സ്‌കോര്‍ തുടങ്ങിയവയെക്കുറിച്ച് ഇടപാടുകാര്‍ക്ക് അവബോധവും നല്‍കുമെന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ പറഞ്ഞു.
മൂന്നൂറിനും 900-നും ഇടയിലുള്ള മൂന്നക്ക സംഖ്യയാണ് സിബില്‍ സ്‌കോര്‍. ഉപഭോക്താവിന് വായ്പ അനുവദിക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങള്‍ സിബില്‍ സ്‌കോറാണ് പരിശോധിക്കുന്നത്. ഉയര്‍ന്ന പോയിന്റ് ഉള്ളവര്‍ക്ക് വായ്പ ലഭിക്കാനുള്ള സാധ്യത വര്‍ധിക്കുന്നു.