ന്യൂഡൽഹി: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തിന്റെ വിജയം നേടിയതിന് പിന്നാലെ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദിയുണ്ടെന്നും ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്നും പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു.
വയനാട്ടിലെ പ്രിയപ്പെട്ട സഹോദരി, സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയുടെ കുറിപ്പ്. നിങ്ങള്‍ ഓരോരുത്തരും എന്നിൽ അര്‍പ്പിച്ച വിശ്വാസത്തിൽ അതീയായ സന്തോഷമുണ്ട്. വരും നാളുകളിൽ ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്ന് ഞാൻ തെളിയിക്കും.
നിങ്ങളുടെ സ്വപ്നങ്ങളും പോരാട്ടങ്ങളും മനസിലാക്കുന്ന ഒരാളെയാണ് നിങ്ങള്‍ തെരഞ്ഞെടുത്തതെന്നും ഉറപ്പുവരുത്തും. പാര്‍ലമെന്റിൽ വയനാടിന്റെ ശബ്ദമാകുമെന്നും പ്രിയങ്ക ഗാന്ധി കുറിപ്പിൽ പറഞ്ഞു. തനിക്ക് നൽകിയ അകമഴിഞ്ഞ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദിയുണ്ട്.
തന്നോടൊപ്പം ഭക്ഷണവും വിശ്രമവുമില്ലാതെ 12 മണിക്കൂറിലധിഖം പ്രചാരണത്തിൽ പങ്കാളികളായ യുഡിഎഫ് പ്രവര്‍ത്തകരോട് ഒരുപാട് നന്ദിയുണ്ട്. ധൈര്യവും സ്നേഹവും നൽകി കൂടെ നിന്ന അമ്മയ്ക്കും റോബര്‍ട്ടിനും മക്കള്‍ക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എല്ലാവരെക്കാളും ഉപരി പോരാളിയായി സഹോദരൻ രാഹുലും കൂടെ നിന്നു. എല്ലായിപ്പോഴും രാഹുലിന്റെ പിന്തുണ തനിക്ക് കരുത്തുപകര്‍ന്നുവെന്നും പ്രിയങ്ക ഗാന്ധി കുറിച്ചു.
പ്രിയങ്ക ഗാന്ധിയുടെ വിജയത്തിൽ കല്‍പ്പറ്റയിൽ ആഹ്ലാദ പ്രകടനവും നടന്നു. വിജയത്തിനുശേഷം മല്ലികാര്‍ജുൻ ഖര്‍ഗെയുടെ വസതിയില്‍ പ്രിയങ്ക ഗാന്ധി എത്തി. ദ
പ്രിയങ്കയുടെ വസതിക്ക് മുന്നിൽ മധുരം പങ്കിട്ടാണ് പ്രവര്‍ത്തകര്‍ ആഹ്ലാദം പങ്കിട്ടത്.പ്രിയങ്ക വയനാട്ടിലേക്ക് പോകുന്നത് വൈകാതെ തീരുമാനിക്കുമെന്നും പ്രിയങ്ക പാർലമെന്റിൽ ഇന്ത്യ മുന്നണിയുടെ ശക്തമായ ശബ്ദമാകുമെന്നും രാഹുൽ വയനാടിനോടുള്ള സ്നേഹം തുടരും എന്നു വ്യക്തമാക്കിയെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
പ്രിയങ്കയ്ക്ക് നൽകിയത് 4,08,036 എന്ന സ്വപ്നഭൂരിപക്ഷം. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സഹോദരൻ രാഹുൽ ഗാന്ധി നേടിയ ഭൂരിപക്ഷത്തെ മറികടക്കുന്നതായി പ്രിയങ്കയുടെ അരങ്ങേറ്റം. വയനാടിൻറെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷങ്ങളിൽ രണ്ടാമത്തേത്.
2009-ൽ രൂപീകൃതമായ മണ്ഡലം. വലിയ തിരഞ്ഞെടുപ്പ് ചരിത്രമൊന്നും അവകാശപ്പെടാനില്ലാത്ത വയനാടിന്റെ ചരിത്രം മാറിയത് 2019-ൽ രാഹുൽ ഗാന്ധിയുടെ വരവോടെയാണ്. 2024-ൽ രാഹുൽ ഗാന്ധിയുടെ പിൻവാങ്ങലോടെ മണ്ഡലത്തിന്റെ ചരിത്രത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പിനും കളമൊരുങ്ങി. രാഹുൽ ഗാന്ധി സ്ഥാനമൊഴിയുമ്പോൾ പകരം ആര് എന്ന ചോദ്യത്തിന് വയനാടിന് പറയാൻ ഒരുത്തരമേ ഉണ്ടായിരുന്നുള്ളൂ പ്രിയങ്കാ ഗാന്ധി.
അവസരങ്ങൾ നിരവധി ഉണ്ടായിട്ടും പാർലമെന്ററി രാഷ്ട്രീയത്തോട് മുഖം തിരിച്ച പ്രിയങ്ക വയനാട്ടിൽ വന്നു മത്സരിക്കുമോ എന്നത് അപ്പോഴും ചോദ്യമായി. ചൂടുപിടിച്ച രാഷ്ട്രീയ ചർച്ചയായി. ഒടുവിൽ രാഹുൽ ഗാന്ധി തന്നെ പ്രഖ്യാപിച്ചു, വയനാട് ഞാൻ എന്റെ സഹോദരിയെ ഏൽപ്പിക്കുന്നു.ഉത്തരേന്ത്യയിൽ നിന്നുള്ള ഒളിച്ചോട്ടമായി പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെ എതിരാളികൾ വിമർശിച്ചപ്പോൾ ഇന്ത്യയിൽ എവിടെയും മത്സരിക്കാൻ കഴിവും പ്രാപ്തിയുള്ള പ്രിയങ്ക വയനാടിനെ കന്നിയങ്കത്തിന് തിരഞ്ഞെടുത്തത് തങ്ങളുടെ സൗഭാഗ്യമായി കേരളത്തിലെ കോൺഗ്രസ് നേതാക്കൾ വിലയിരുത്തി.
5 ലക്ഷം വോട്ടിന് പ്രിയങ്കാ ഗാന്ധിയെ ജയിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ദേശീയ നേതാക്കൾ ഉൾപ്പടെ ക്യാമ്പ് ചെയ്ത് സ്ഥാനാർഥി മണ്ഡലത്തിൽ താമസിച്ച് നേരിട്ട് വോട്ടർമാരെ കണ്ട് പ്രചരണം നടത്തി. പക്ഷെ, തിരഞ്ഞെടുപ്പ് ദിവസം കോൺഗ്രസിനും ആശങ്കകളുടേതായിരുന്നു. ആളൊഴിഞ്ഞ ബൂത്തുകൾ ആശങ്കയായി. നിഷ്പക്ഷ വോട്ടർമാർ എത്താത്തത് വെല്ലുവിളിയും. ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളിൽ ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പായിട്ട് പോലും പ്രിയങ്കാ ഗാന്ധിയും കോൺഗ്രസും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.