പത്തനംതിട്ട: പത്തനംതിട്ടയിൽ കനത്ത മഴയ്ക്കിടെ പളളി സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു. കല്ലറ പൊളിഞ്ഞ്, മൃതദേഹം പെട്ടിയോടെ പുറത്തുവന്നു. പത്തനംതിട്ട പുറമറ്റം കവുങ്ങുംപ്രയാര്‍ മര്‍ത്തോമ്മ പളളി സെമിത്തേരിയുടെ മതിലാണ് തകര്‍ന്നത്. ശവപ്പെട്ടി പിന്നീട് മറ്റൊരിടത്തേയ്ക്ക് മാറ്റി.
വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. ചിത്രങ്ങളും വീഡിയോയും പുറത്തുവന്നു. എന്നാൽ കല്ലറയ്ക്ക് കേടുപാട് പറ്റിയതായി സമ്മതിച്ച പളളി അധികൃതര്‍, ശവപ്പെട്ടി പുറത്തുവന്നുവെന്ന വിവരം നിഷേധിച്ചു.
മതിൽ പൂർണമായും തകരുന്ന നിലയിലാണെന്നും അടിയന്തരമായി സംരക്ഷണമേർപ്പെടുത്തണമെന്നും പരിസരവാസികളും യാത്രക്കാരും ആവശ്യപ്പെട്ടു.
അപ്രതീക്ഷിതമായ കനത്ത മഴയിലാണ് സംരക്ഷണഭിത്തി തകർന്നതെന്നും പുനർനിർമ്മിക്കാൻ നടപടി എടുക്കുമെന്നും വികാരി ഫാ.മാത്യൂസ് എ.മാത്യു പറഞ്ഞു.