മാനന്തവാടി: വയനാട് മാനന്തവാടിയിലെ ജനവാസ മേഖലയിലിറങ്ങിയ ആളെക്കൊല്ലി മോഴയാന ബേലൂര്‍ മഖ്നയെ പിടികൂടാനുള്ള നടപടികൾ നീളാൻ സാധ്യതയെന്ന് അധികൃതർ. ദൗത്യ സംഘം അരികിലെത്തിയപ്പോൾ ആന സ്ഥാനം മാറിയിട്ടുണ്ട്. മണ്ണുണ്ടി കോളനി പരിസരത്തേക്ക് നീങ്ങിയതായി സൂചന ലഭിച്ചെന്നും വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. എല്ലാ സാഹചര്യവും അനുകൂലമായാൽ മാത്രമേ ആനയെ മയക്കുവെടി വെക്കുകയുള്ളൂ. കഴിഞ്ഞ ദിവസം നടത്തിയ തണ്ണീർക്കൊമ്പൻ ദൗത്യത്തിന്റെ പശ്ചാത്തലത്തിൽ ഏറെ മുൻകരുതലോടെയാണ് ദൗത്യസംഘത്തിന്റെ നീക്കം. മണിക്കൂറുകൽ നീണ്ട ശ്രമത്തിനൊടുവിൽ മയക്കുവെടി വെച്ച് പിടികൂടിയ തണ്ണീർക്കൊമ്പൻ രാമപുര ക്യാംപിനെത്തിച്ചപ്പോഴേയ്ക്കും ചരിഞ്ഞിരുന്നു.
ഇന്ന് 1. 45 ഓടെ മോഴയുടെ സിഗ്നൽ വനംവകുപ്പിന് കിട്ടിയിരുന്നു. കാട്ടിക്കുളം-ബാവലി റോഡിലെ ആനപ്പാറ വളവിന് അകത്താണ് ആനയുളളതെന്നാണ് ഒടുവിൽ ലഭിച്ച വിവരം. റോഡിൽ നിന്ന് 3.5 കിലോമീറ്റർ ഉള്ളിലായിരുന്നു ആനയുണ്ടായിരുന്നത്. സിഗ്നൽ കിട്ടിയതോടെ ട്രാക്കിങ് വിദഗ്‌ദ്ധർ കാടുകയറി. ആനപ്പാറ വളവിൽ വലിയ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. വെറ്റിനറി ടീമും സ്ഥലത്ത് എത്തിയിട്ടുണ്ട്. പടമല കുന്നുകളിൽ നിന്ന് പുലർച്ചയോടെ ബാവലി റോഡ് മുറിച്ചു കടന്ന ആന മണ്ണുണ്ടി കാടുകളിൽ എത്തിയിരുന്നു. പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം തുടങ്ങിയതിനു പിന്നാലെ സിഗ്നൽ കൂടി ലഭിച്ചു.വൈൽഡ് ലൈഫ് സിസിഎഫ് മുഹമ്മദ് ശബാബ്, നോർത്തേൻ സിസിഎഫ്, 5 ഡിഎഫ്ഒമാർ വെറ്റിനറി ഡോക്ടർമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് മോഴപിടുത്തത്തിനുള്ള ഒരുക്കം പുരോഗമിക്കുന്നത്.