24.6 C
Kottayam
Saturday, September 28, 2024

ഇവിടെ വന്നത് യാചിക്കാനല്ല; അവർക്ക് നാളെ എന്നെയും പിണറായിയെയും ജയിലിലിടാം:കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച്‌ കെജ്‌രിവാൾ

Must read

ന്യൂഡല്‍ഹി: പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കെതിരെ കേന്ദ്രം യുദ്ധം ചെയ്യുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പ്രതിപക്ഷ സര്‍ക്കാരുകളെ ദ്രോഹിക്കാന്‍ എല്ലാ തന്ത്രങ്ങളും കേന്ദ്രം ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ കേന്ദ്ര അവഗണനയ്ക്കെതിരായ കേരളത്തിന്റെ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ 70 കോടി ജനങ്ങളെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിനിധാനം ചെയ്യുന്നു. കേന്ദ്രം അര്‍ഹതപ്പെട്ട ഫണ്ടുകള്‍ തടഞ്ഞുവെക്കുന്നു. ഗവര്‍ണര്‍മാരേയും ലഫ്റ്റനന്റ് ഗവര്‍ണര്‍മാരേയും ഉപയോഗിച്ച് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷനേതാക്കളെ അറസ്റ്റ് ചെയ്ത് ഉപദ്രവിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത് യാചിക്കാനോ കുടുംബത്തിനുവേണ്ടി എന്തെങ്കിലും ചോദിക്കാനോ അല്ല. രണ്ടു കോടി ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് ഞാനിവിടെ വന്നിരിക്കുന്നത്. നിങ്ങള്‍ ഞങ്ങള്‍ക്ക് ഫണ്ട് തന്നില്ലെങ്കില്‍ എങ്ങനെ റോഡുകള്‍ നിര്‍മിക്കും, വൈദ്യുതി നല്‍കും, വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കും?’, കെജ്രിവാള്‍ ചോദിച്ചു.

‘ഇ.ഡിയാണ് ഇപ്പോള്‍ പുതിയ ആയുധം. ഒരാള്‍ കുറ്റക്കാരനാണെന്ന് കണ്ടാല്‍ മാത്രമായിരുന്നു ഇന്നുവരെ ആളുകളെ ജയിലില്‍ അടച്ചിരുന്നത്. എന്നാല്‍ ഇന്ന്, ആരെ ജയിലിലേക്ക് അയക്കണമെന്ന് അവര്‍ ആലോചിക്കുന്നു. എന്നിട്ടാണ് അയാള്‍ക്കെതിരെ ഏത് കേസെടുക്കണമെന്ന് ആലോചിക്കുന്നത്. കേസ് ആരംഭിക്കുന്നതിന് മുമ്പേ തന്നെ ഹേമന്ത് സോറനെ ജയിലിലടച്ചിരിക്കുന്നു. നാളെ അവര്‍ക്ക് എന്നെയും പിണറായി വിജയനെയും എം.കെ. സ്റ്റാലിനെയും സിദ്ധരാമയ്യയെയും ജയിലിലയക്കാം, സര്‍ക്കാരിനെ അട്ടിമറിക്കാം’, കെജ്രിവാള്‍ പറഞ്ഞു.

രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ സംരക്ഷിക്കാനുള്ള ചരിത്രസമരമാണ് കേരളം ഡല്‍ഹിയില്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രം കവരുന്നു. സംസ്ഥാനങ്ങളെ തുല്യതയോടെ പരിഗണിക്കുന്ന പുലരിക്കുവേണ്ടിയുള്ള പുതിയ സമരത്തിന്റെ തുടക്കമാണിത്. ഇന്നത്തെ ദിവസം ഇന്ത്യാചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുന്ന ദിവസമായി മാറുമെന്നും ജന്തര്‍മന്തറിലെ പരിപാടിയില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

വിവിധ മേഖലകളില്‍ സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്ന നിയമനിര്‍മാണങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പദ്ധതികള്‍ക്ക് ബ്രാന്‍ഡിങ് അടിച്ചേല്‍പ്പിക്കുന്നതോടെ ഗുണഭോക്താക്കളുടെ ആത്മാഭിമാനം ചോദ്യംചെയ്യപ്പെടുന്നു. ജനക്ഷേമത്തെ ഉത്തരവാദിത്വമായി കാണുന്ന ഒരു സര്‍ക്കാരിനും ഗുണഭോക്താക്കളുടെ ആത്മാഭിമാനം ചോദ്യംചെയ്ത് പദ്ധതികളെ ബ്രാന്‍ഡ് ചെയ്യാനാകില്ല. സംസ്ഥാനങ്ങള്‍ വലിയ വിഹിതത്തില്‍ പണം ചെലവാക്കുന്ന പദ്ധതികള്‍ക്കും കേന്ദ്ര പദ്ധതികളുടെ പേര് വെക്കണമെന്ന നിര്‍ബന്ധമാണ് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്നത്. ഇല്ലെങ്കില്‍ കേന്ദ്രത്തില്‍നിന്ന് ലഭിക്കാനുള്ള നാമമാത്രമായ തുകപോലും നല്‍കില്ലെന്ന് പറയുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ശിക്ഷയായി മാറുകയാണ്. ഇത് ലോകത്തൊരിടത്തും കാണാന്‍ കഴിയാത്ത പ്രതിഭാസമാണ്. വിവിധ ഇനങ്ങളില്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട തുക വൈകിപ്പിക്കുകയാണ്. ഭരണഘടനയെ ദുര്‍വ്യാഖ്യാനംചെയ്ത് വായ്പയെടുക്കല്‍ പരിമിതപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സംസ്ഥാനത്തിനുമേല്‍ ബോധപൂര്‍വ്വം സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാരിന്‍റേത്. കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങള്‍ പിന്തുടരാത്തതിനാല്‍ കേരളത്തെ അവഗണിക്കുന്നു. സംസ്ഥാനത്തെ ജനങ്ങളാല്‍ തിരസ്‌കരിക്കപ്പെട്ട നയങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്രത്തിന്റെ ഇത്തരം വിവേചനങ്ങള്‍ കേരള ജനതയില്‍ ദൂരവ്യാപകമായ പ്രത്യാഖ്യാതങ്ങളാണ് ഉണ്ടാക്കാന്‍ പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘2018-ലെ പ്രളയത്തിന്റെ ഘട്ടത്തിലും കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് വിവേചനം കാണിച്ചിരുന്നു. അന്ന് പ്രളയ പാക്കേജുകളൊന്നും കേരളത്തിന് പ്രത്യേകമായി ഏര്‍പ്പെടുത്തിയില്ല. ആ ഘട്ടത്തില്‍ അനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍ക്കുവരെ പണം പിടിച്ചുപറിച്ചു. പ്രളയഘട്ടത്തില്‍ കേരളത്തിന് സഹായം ലഭ്യമാക്കാന്‍ പല വിദേശരാജ്യങ്ങളും മുന്നോട്ടുവന്നിരുന്നു.

എന്നാല്‍, അവ സ്വീകരിക്കുന്നതില്‍നിന്ന് കേരളത്തെ തടഞ്ഞു. എത്ര മനുഷ്യത്വരഹിതമാണ് കേന്ദ്രസമീപനമെന്ന് വ്യക്തമാക്കുന്നതാണിത്. ഇടക്കാല ബജറ്റിലും കേരളത്തോടുള്ള അനീതി പ്രകടമാണ്. എയിംസ്, കെ റെയില്‍, ശബരിപാത തുടങ്ങിയ ആവശ്യങ്ങളൊന്നും കേട്ടതായി പോലും നടിച്ചില്ല’, മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

നമ്മുടെ ഒരുമയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുപോകണം. അവഗണന നേരിടുന്ന സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധിക്കുകയാണ്. ഇന്നലെ കര്‍ണാടകയും ഇന്ന് കേരളവും പ്രതിഷേധിക്കുന്നു. ഇതിനെ ഉത്തരേന്ത്യ-ദക്ഷിണേന്ത്യ എന്ന വിഭജനമായി ചിത്രീകരിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. ബി.ജെ.പി.യാണ് രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

‘എല്ലാ മാര്‍ഗങ്ങളും പരാജയപ്പെട്ടപ്പോഴാണ് ഇത്തരത്തിലുള്ള പ്രതിഷേധ മാര്‍ഗം സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാറായത്. നഷ്ടങ്ങളും വിവേചനങ്ങളും ചൂണ്ടിക്കാട്ടി പലതവണ കേന്ദ്രത്തെ സമീപിച്ചിരുന്നു. പ്രധാനമന്ത്രിയെ അടക്കം നേരിട്ട് ബോധ്യപ്പെടുത്താനും ശ്രമിച്ചു. എന്നിട്ടും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഒരു പ്രതികരണവുമില്ല. ഇത്തരമൊരു സാഹചര്യത്തില്‍ മറ്റൊരു വഴിയുമില്ലാതെയാണ് സമരരംഗത്തേക്ക് കേരളം വന്നത്.

സംസ്ഥാനങ്ങളെ പൊതുവായി ബാധിക്കുന്ന വിഷയങ്ങളെ ഒന്നിച്ചു നിന്ന് നേരിടേണ്ടതാണ്. ഗവര്‍ണര്‍മാര്‍ ഭരണഘടന വിരുദ്ധമായാണ് പെരുമാറുന്നത്. ചാന്‍സലര്‍ പദവി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു. കേരളം മാത്രമല്ല സമര രംഗത്തുള്ളത്. കര്‍ണാടക ഇന്നലെ സമരം ചെയ്തു. കേരളത്തിലെ ഭരണകക്ഷി അല്ല കര്‍ണാടകത്തില്‍ ഉള്ളത്. ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതിനെതിരായ ജനാധിപത്യപരമായ സമരമാണിത്. അതിന് ദക്ഷിണം- ഉത്തരം എന്ന് ചിത്രീകരിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്’, പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; ലോറി കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം

തിരുവനന്തപുരം:ആറ്റിങ്ങൽ മാമത്ത് ദേശീയപാതയിൽ കണ്ടെയ്നർ ലോറി കയറിയിറങ്ങി നവവധുവായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം. ഭർത്താവ് നിസാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. കൊട്ടാരക്കര മീയന്നൂർ മേലൂട്ട് വീട്ടിൽ കൃപ മുകുന്ദൻ...

ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല...

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

Popular this week