ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് ആദ്യ മത്സരത്തില്‍ തന്നെ വമ്പന്‍ തോല്‍വി. ഗ്രൂപ്പ് എ യിലെ മത്സരത്തില്‍ ചൈനയാണ് ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്ക് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഒരു ദിവസം പോലും പരിശീലനം നടത്താതെ കളത്തിലിറങ്ങിയ ടീമിന് കളിക്കളത്തില്‍ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. സീനിയര്‍ താരങ്ങളായ സുനില്‍ ഛേത്രിയേയും സന്ദേഷ് ജിംഗാനേയും കോച്ച് സ്റ്റിമാച്ച് ആദ്യ ഇലവനില്‍ ഇറക്കിയിട്ടും തോല്‍വി തടയാനായില്ല.
മത്സരം തുടങ്ങി ആദ്യ മിനിറ്റുകളില്‍ തന്നെ ചൈന ഇന്ത്യന്‍ ഗോള്‍മുഖത്ത് ഇരച്ചുകയറി. വിങ്ങുകളിലൂടെ മുന്നേറിയ ചൈനീസ് താരങ്ങളെ പ്രതിരോധിക്കാന്‍ ജിംഗനടക്കമുള്ളവര്‍ നന്നായി ബുദ്ധിമുട്ടി. നിരവധി അവസരങ്ങളാണ് ആദ്യ മിനിറ്റുകളില്‍ തന്നെ ചൈനീസ് മുന്നേറ്റനിര സൃഷ്ടിച്ചത്. 15-ാം മിനിറ്റില്‍ അവര്‍ ആദ്യ ഗോളും നേടി.
കോര്‍ണറില്‍ നിന്നാണ് ഗോള്‍ പിറന്നത്. കോര്‍ണറില്‍ നിന്ന് ലഭിച്ച പന്ത് ഇന്ത്യന്‍ താരങ്ങള്‍ക്ക് കൃത്യമായി ക്ലിയര്‍ ചെയ്യാനായില്ല. പന്ത് കിട്ടിയ ചൈനീസ് താരം ടിയാനി ഗാവോ അനായാസം ലക്ഷ്യം കണ്ടു. പിന്നാലെ ചൈനയ്ക്ക് അനുകൂലമായി പെനാല്‍റ്റിയും ലഭിച്ചു. ചൈനയുടെ മുന്നേറ്റം തടയുന്നതിനിടയില്‍ ഗോള്‍കീപ്പര്‍ ഗുര്‍മീറ്റാണ് മുന്നേറ്റ താരത്തെ ഫൗള്‍ ചെയ്തത്. എന്നാല്‍ ചൈനയുടെ നായകന്‍ ചെഞ്ചി സു എടുത്ത കിക്ക് മികച്ച സേവിലൂടെ ഗുര്‍മീറ്റ് തട്ടിയകറ്റി.
ചൈന മുന്നേറ്റങ്ങള്‍ തുടരുന്നതാണ് പിന്നേയും കണ്ടത്. എന്നാല്‍ കിട്ടിയ അവസരങ്ങളില്‍ ഇന്ത്യയും മുന്നേറി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ചൈനയെ ഞെട്ടിച്ച് ഇന്ത്യ സമനില ഗോള്‍ നേടി. രാഹുല്‍ കെപി യാണ് ഉഗ്രനൊരു ഗോളിലൂടെ തിരിച്ചടിച്ചത്. മധ്യവരയുടെ അടുത്ത് നിന്ന് അബ്ദുള്‍ റബീഹ് ഉയര്‍ത്തിയ നീട്ടിയ പന്ത് ഓടിയെടുത്ത രാഹുല്‍ മികച്ച ഷോട്ടിലൂടെ വലകുലുക്കി. ആദ്യ പകുതി 1-1 നാണ് അവസാനിച്ചത്.
രണ്ടാം പകുതിയില്‍ ഗോളിനായി ഇരുടീമുകളും മുന്നേറ്റങ്ങള്‍ നടത്തി. 51-ാം മിനിറ്റില്‍ ഇന്ത്യ വീണ്ടും നിരാശയിലായി. ഷെങ്‌ലോങ് ജിയാങിലൂടെ ചൈന രണ്ടാം ഗോള്‍ നേടി. ഗോള്‍ വീണതിനു പിന്നാലെ ചൈന വീണ്ടും ആക്രമിച്ചുകളിച്ചു. 72-ാം മിനിറ്റില്‍ മൂന്നാം ഗോളുമെത്തി. പെനാല്‍റ്റി ബോക്‌സിന് പുറത്തു നിന്നുള്ള ഉഗ്രന്‍ ലോങ് റേഞ്ചര്‍ ഗുര്‍മീറ്റ് തടുത്തിട്ടെങ്കിലും റീബൗണ്ടില്‍ ക്വിയാങ്‌ലോങ് ടാവോ വലകുലുക്കി. മിനിറ്റുകള്‍ക്കകം ചൈന ഗോള്‍നേട്ടം നാലാക്കി. ക്വിയാങ്‌ലോങ് ടാവോയാണ് ഇത്തവണയും ഗോളടിച്ചത്. പ്രതിരോധത്തിലായ ഇന്ത്യയ്ക്ക് പിന്നീട് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇഞ്ചുറി ടൈമില്‍ ചൈന അഞ്ചാം ഗോള്‍ കൂടി നേടിയതോടെ വമ്പന്‍ തോല്‍വിയോടെ ഇന്ത്യ മടങ്ങി.
റാങ്കിങ്ങില്‍ താഴെയുള്ള ബംഗ്ലാദേശിനെതിരേയും മ്യാന്‍മറിനെതിരേയുമാണ് ഇന്ത്യയുടെ അടുത്ത ഗ്രൂപ്പ് മത്സരങ്ങള്‍. സെപ്റ്റംബര്‍ 21-ന് ബംഗ്ലാദേശിനേയും 24-ന് മ്യാന്മറിനേയും നേരിടും. വിജയിച്ച് അടുത്ത റൗണ്ടിലെത്താനാകും സ്റ്റിമാച്ചിന്റേയും സംഘത്തിന്റേയും ലക്ഷ്യം.