ന്യൂയോര്‍ക്ക്: ലിയോണല്‍ മെസിയുടെ അമേരിക്കയിലെ അരങ്ങേറ്റ മത്സരം കാണാനായി ആരാധകരുടെ കൂട്ടയിടി. കഴിഞ്ഞ ദിവസം ഇന്‍റര്‍ മിയാമിയുടെ പത്താം നമ്പര്‍ ജേഴ്സിയില്‍ ഔദ്യോഗികമായി അവതരിപ്പിച്ച മെസി വെള്ളിയാഴ്ച ആദ്യ മത്സരത്തിനിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്രൂസ് അസൂലിനെതിരായ മത്സരത്തിന്‍റെ ടിക്കറ്റ് സ്വന്തമാക്കാനായി 110,000 ഡോളര്‍(ഏകദേശം 90 ലക്ഷം രൂപ)വരെ മുടക്കാന്‍ ആരാധകര്‍ തയാറായി എത്തിയിട്ടുണ്ടെന്നാണ് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് മേജര്‍ സോക്കര്‍ ലീഗിലെ റെക്കോര്‍ഡാണ്.
എന്നാല്‍ വിഐപി സീറ്റുകള്‍ക്കായാണ് ഈ തുകയെന്നും മത്സരം കാണാനുള്ള സാധാരണ ടിക്കറ്റുകള്‍ ഇപ്പോഴും 487 ഡോളര്‍(ഏകദേശം 40000 രൂപ)ന് ഇപ്പോഴും ലഭ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മത്സരം കാണാനായി നൂറ് കണക്കിന് കിലോ മീറ്റര്‍ അകലെ നിന്നുവരെ ആരാധകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മെസിയുടെ വരവോടെ ഇന്‍റര്‍ മിയാമിയുടെ മത്സരത്തിന് പുറമെ മറ്റ് മേജര്‍ ലീഗ് സോക്കര്‍ മത്സങ്ങളുടെ ടിക്കറ്റിനും വില ഉയര്‍ന്നിട്ടുണ്ട്. ജൂണില്‍ മെസി ഇന്‍റര്‍ മിയാമിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ ആദ്യം പുറത്തുവന്നപ്പോള്‍ തന്നെ ടിക്കറ്റ് നിരക്കുകള്‍ 288 ഡോളറായി. സാധാരണ ടിക്കറ്റ് നിരക്കിനെക്കാള്‍ 900 ശതമാനം കൂടുതലാണിത്.
ഓഗസ്റ്റിലെ ഇന്‍റര്‍ മിയാമിയുടെ മത്സര ടിക്കറ്റുകളില്‍ 700 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ മേജര്‍ സോക്കര്‍ ലീഗ് പോയന്‍റ് പട്ടികയില്‍ ഏറ്റവും ഒടുവിലാണ് ഇന്‍റര്‍ മിയാമി. അവസാനം കളിച്ച 11 മത്സരങ്ങളിലും ജയിക്കാനാവാത്ത ഡേവിഡ് ബെക്കാമിന്‍റെ ടീമിന് മെസിയുടെ വരവോടെ വിജയവഴിയില്‍ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ ദിവസം ഇന്‍റര്‍ മിയാമിയില്‍ ഔദ്യോഗികമായി അവതരിപ്പിച്ച ചടങ്ങിനെത്തിയ ആരാധകരോട് മെസി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ നന്ദി പറഞ്ഞിരുന്നു. പ്രതികൂല കാലാവസ്ഥയിലും പിന്തുണയുമായി എത്തിയ ആരാധകരോട് വെള്ളിയാഴ്ച വീണ്ടും കാണാമെന്നും മെസി ഓര്‍മിപ്പിച്ചിരുന്നു.