തൃശ്ശൂർ: സി.പി.എം. നേതൃത്വത്തിന് തുടർഭരണം ലഭിച്ചുവെന്നത് എന്ത് തോന്ന്യാസവും ചെയ്യാനുള്ള ലൈസൻസ് ആയി കണക്കാക്കരുതെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ കർശനനിർദേശം. തൃശ്ശൂരിൽ നടന്ന രണ്ടു ദിവസത്തെ ജില്ലാ സെക്രട്ടേറിയറ്റ് -ജില്ലാ കമ്മിറ്റി യോഗത്തിലാണ് പാർട്ടി സംസ്ഥാന സെക്രട്ടറി കർശനനിലപാട് എടുത്തത്. അഴിമതികൾ ചൂണ്ടിക്കാണിക്കാൻ പാർട്ടിപ്രവർത്തകരും അനുഭാവികളും നേതാക്കളും മടിക്കരുത്. അഴിമതി തെളിയിക്കപ്പെട്ടാൽ ശക്തവും വ്യക്തവുമായ നടപടി ഉണ്ടാകുമെന്ന് ഉറപ്പാണ്. അതിൽ ആർക്കും ആശങ്കവേണ്ട.
പാർട്ടിയുമായും പാർട്ടിപ്രവർത്തകരുമായും ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ മാറ്റിവെക്കരുതെന്നും ഉടൻ തീർപ്പാക്കണമെന്നും സെക്രട്ടേറിയറ്റ് യോഗത്തിൽ എം.വി. ഗോവിന്ദൻ നിർദേശിച്ചു.
സഹകരണബാങ്ക് പ്രസിഡൻറ് ആയിരിക്കെ ജീവനക്കാരെ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ പാർട്ടി ജില്ലാ കമ്മിറ്റി അംഗവും ഏരിയ കമ്മിറ്റി അംഗവുമായ കെ.വി. ഹരിദാസനെ ഈ പദവികളിൽനിന്ന് നീക്കാൻ തീരുമാനമായി. ഇദ്ദേഹം സി.ഐ.ടി.യു.വിൽ തുടരുന്ന പദവികൾ സംബന്ധിച്ച് സംഘടന തീരുമാനമെടുക്കും.
കേരളത്തിൽ ഏറ്റവുമധികം സഹകരണ അഴിമതികളും ക്രമക്കേടും നടന്ന ജില്ല എന്ന നിലയിൽ രണ്ടു ദിവസത്തെ ജില്ലാ സെക്രട്ടേറിയറ്റ്-ജില്ലാ കമ്മിറ്റി യോഗത്തിൽ സഹകരണമന്ത്രി കൂടിയായ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.എൻ. വാസവൻ പങ്കെടുത്തിരുന്നു.
മൂസ്‌പെറ്റ് സഹകരണ ബാങ്ക് ക്രമക്കേടിൽ സ്വീകരിച്ച നടപടിയും ശിക്ഷയും കുറഞ്ഞുപോയെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു. ക്രമക്കേടിൽ ജില്ലാ കമ്മിറ്റി ജനുവരി ഏഴിന് അംഗീകരിച്ച നടപടി യോഗം ശരിവെച്ചു.
സഹകരണവകുപ്പുമായി ബന്ധപ്പെട്ട തട്ടിപ്പ് സംബന്ധിച്ച പരാതിയിൽ വകുപ്പുതല അന്വേഷണത്തിന് വേഗം കുറവാണെന്നും മെല്ലെപ്പോക്ക് ആണെന്നും പരാതി ഉയർന്നു. അന്വേഷണത്തിന് വർഷങ്ങൾ എടുക്കുന്നു. ഇതിനിടെ പ്രതികൾ രക്ഷപ്പെടാനുള്ള സാഹചര്യം ഒരുങ്ങുന്നുണ്ട്.
കുട്ടനല്ലൂർ സഹകരണബാങ്ക് ക്രമക്കേടിൽ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് ജില്ലാനേതൃത്വം അറിഞ്ഞില്ലെന്ന പരാതിയിൽ, അത് അറിയിക്കേണ്ട ആവശ്യമില്ലെന്ന് വി.എൻ. വാസവൻ മറുപടി നൽകി. ക്രമക്കേട് കണ്ടെത്തിയാൽ മുഖംനോക്കാതെ, ആരെയും അറിയിക്കാതെ കർശനനടപടിയെടുക്കാൻ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമയക്കുറവുമൂലം, ജില്ലാ കമ്മിറ്റിയുമായി ബന്ധപ്പെട്ട ചില ആക്ഷേപങ്ങൾ റിപ്പോർട്ട് ചെയ്ത് ചർച്ചനടത്താനും നിർദേശമായി.എ.സി. മൊയ്തീൻ എം.എൽ.എ. യോഗങ്ങളിൽ അധ്യക്ഷനായി.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എ.കെ. ബാലൻ, പി.കെ. ബിജു, ദിനേശൻ പുത്തലത്ത്, കേന്ദ്രക്കമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ തുടങ്ങിയവർ യോഗങ്ങളിൽ മുഴുവൻസമയം പങ്കെടുത്തു.