വിശാഖപട്ടണം: വിമാനത്താവളത്തിൽവച്ച് മന്ത്രിയും നടിയുമായ റോജ ഉൾപ്പെടെയുള്ള വൈഎസ്ആർ കോൺഗ്രസ് നേതാക്കളുടെ വാഹനത്തിനുനേരെയുണ്ടായ ആക്രമണത്തിൽ നടൻ പവൻ കല്യാണിന്റെ പാർട്ടി അനുഭാവികൾ അറസ്റ്റിൽ. പവൻ കല്യാണിന്റെ രാഷ്ട്രീയ പാർട്ടിയായ ജനസേനയിലെ നൂറോളം പ്രവർത്തകരാണ് അറസ്റ്റിലായത്. ഇവരെ വിട്ടയച്ചില്ലെങ്കിൽ പൊലീസ് സ്റ്റേഷനു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് പവൻ കല്യാൺ പറഞ്ഞു.
ശനിയാഴ്ചയാണ് ആന്ധ്രപ്രദേശ് മന്ത്രിയും നടിയുമായ ആർ.കെ.റോജയുടെ വാഹനത്തിനു നേരെ വിശാഖപട്ടണം വിമാനത്താവളത്തിനു പുറത്തുവച്ച് ആക്രമണമുണ്ടായത്. വൈഎസ്ആർ കോൺഗ്രസ് നേതാക്കളായ ജോഗി രമേഷ്, വൈ.വി.സുബ്ബ റെഡ്ഡി എന്നിവരുടെ വാഹനങ്ങൾക്കു നേരെയും ആക്രമണമുണ്ടായി.
ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് കോർപറേഷൻ ചെയർപേഴ്‌സണായ റോജ, സർക്കാരിന്റെ ‘മൂന്നു തലസ്ഥാന’ പദ്ധതിയെ അനുകൂലിച്ചുള്ള റാലിയിൽ പങ്കെടുക്കുന്നതിനാണ് വിശാഖപട്ടണത്ത് എത്തിയത്. നടൻ പവൻ കല്യാണിന്റെ ആരാധകരും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയായ ജനസേനയിലെ പ്രവർത്തകരും അവിടെയുണ്ടായിരുന്നു. വിശാഖപട്ടണത്ത് എത്തുന്ന പവൻ കല്യാണിനെ സ്വീകരിക്കുന്നതിനാണ് ഇവർ വിമാനത്താവളത്തിൽ തടിച്ചുകൂടിയത്.
കല്യാണിനെതിരെ വൈഎസ്ആർ കോൺഗ്രസ് നേതാക്കൾ നടത്തിയ ചില പരാമർശങ്ങൾ സംബന്ധിച്ച് നേരത്തെ വിവാദം നിലനിന്നിരുന്നു. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
വിശാശപട്ടണത്തെ ആന്ധ്രാപ്രദേശിന്റെ എക്‌സിക്യൂട്ടീവ് തലസ്ഥാനമാക്കുന്നതിന് പിന്തുണ പ്രഖ്യാപിച്ച് നടന്ന റാലിയിൽ വൻ ജനാവലിയാണ് പങ്കെടുത്തത്. കനത്ത മഴയെ അവഗണിച്ചാണ് ആയിരങ്ങൾ എത്തിയത്. 2019ൽ വൈ.എസ്. ജഗൻമോഹൻ റെഡ്ഡി അധികാരത്തിൽ വന്നതിനു പിന്നാലെയാണ് സംസ്ഥാനത്തിന് മൂന്നു തലസ്ഥാനം എന്ന ആശയം സർക്കാർ മുന്നോട്ടുവച്ചത്.