കൊച്ചി:ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചത് വിവാഹാലോചനയുമായി എത്തി അടുപ്പം സ്ഥാപിച്ചശേഷമാണെന്ന്വെളിപ്പെടുത്തല്.വിവാഹാലോചനയുമായി എത്തിയവര്‍ കുടുംബവുമായി അടുപ്പത്തിലായ ശേഷം പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നെന്ന് ഷംന കാസിം തന്നെ വ്യക്തമാക്കുന്നു. മറ്റാരും ഇവരുടെ തട്ടിപ്പില്‍ ഇരകളാകാതിരിക്കാനാണ് ഇക്കാര്യം വെളിപ്പെടുത്തിയതും പൊലീസില്‍ പരാതി നല്‍കിയതെന്നും നടി പറഞ്ഞു.
തൃശൂരില്‍നിന്നു വന്ന വിവാഹാലോചനയില്‍ താല്പര്യം പ്രകടിപ്പിച്ചപ്പോള്‍ ഇവര്‍ പിതാവുമായും സഹോദരനുമായും ബന്ധപ്പെട്ടിരുന്നു. ഒന്നു രണ്ടു തവണ വരനായി എത്തിയ ആളോട് ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നെന്നും ഷംന കാസിം പറഞ്ഞു. എന്നാല്‍ ഈ ചുരുങ്ങിയ സമയം കൊണ്ട് ഇവര്‍ വീട്ടുകാരുമായി അടുപ്പമുണ്ടാക്കിയെടുത്തെന്നും ഇവര്‍ പറയുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം വരനായി എത്തിയ ആള് ഫോണില്‍ വിളിച്ച് ഒരു ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഒരു ലക്ഷം രൂപയുടെ ഷോര്‍ട്ടേജ് ഉണ്ടെന്നും അത്യാവശ്യമാണെന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്. ഇത് കേട്ട് ആദ്യം സംശയമായപ്പോള്‍ അമ്മയോട് പറയാമെന്നു പറഞ്ഞു. എന്നാല്‍ ആരേയും അറിയിക്കണ്ട, അവിടെ തന്റെ ഒരു സുഹൃത്ത് വരും, അയാളുടെ കയ്യില്‍ പണം നല്കിയാല് മതിയെന്ന് വരനായി എത്തിയ ആള് പറഞ്ഞു.
എന്നാല്‍ പണം നല്‍കാതിരുന്നതോടെ പിറ്റേദിവസം പിതാവെന്ന് പറഞ്ഞയാളാണ് വിളിച്ചതെന്നും ഷംന പറയുന്നു. ഇതോടെ വീട്ടുകാരോട് വിവരം പറയുകയായിരുന്നു. ഇതേതുടര്‍ന്ന് വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വിവാഹാലോചനയുമായി എത്തിയവര്‍ തന്റെ വീടിന്റെയും പരിസരത്തിന്റെയും ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് കണ്ടെത്തി. ഇതേതുടര്‍ന്നാണ് പിന്നീട് പൊലീസില്‍ വിവരമറിയിച്ചതെന്നും ഷംന കാസിം പറഞ്ഞു. അമ്മ തന്നെയാണ് പരാതി നല്‍കിയതെന്നും ഇവര്‍ വ്യക്തമാക്കി.
സംഭവത്തില്‍ തൃശൂര്‍ സ്വദേശികളായ നാലുപേര്‍ അറസ്റ്റിലായി. വാടാനപ്പള്ളി സ്വദേശി റഫീഖ്, കൈപ്പമംഗലം സ്വദേശി ശരത്ത്, കടവന്നൂര്‍ സ്വദേശി രമേശ്, ചേറ്റുവ സ്വദേശി അഷ്റഫ് എന്നിവരാണ് പിടിയിലായത്. അതേസമയം മൂന്നു പേരെ കൂടി പിടികൂടാനുണ്ടെന്ന് മരട് പൊലീസ് അറിയിച്ചു.