കൊച്ചി∙ ലോട്ടറി അടിച്ചുകഴിഞ്ഞാൽ രണ്ടു വർഷത്തേക്ക് ആ തുക ആർക്കും കൊടുക്കാൻ പാടില്ലെന്ന് കഴിഞ്ഞ വർഷം ഓണം ബംപർ ലോട്ടറി അടിച്ച ജയപാലൻ. ആദ്യം തന്നെ പണം ഉപയോഗിക്കാൻ നിന്നാൽ മുതലും പോകും പലിശയും പോകും എന്ന അവസ്ഥയിലാകുമെന്നും ജയപാലൻ വ്യക്തമാക്കി.
‘‘ടിക്കറ്റ് ബാങ്കിൽ ഏൽപ്പിക്കുക. പണം കിട്ടിയാൽ ഫിക്സ്ഡ് ഡിപ്പോസിറ്റ് ആയി രണ്ടു കൊല്ലം ഇട്ടേക്കണം. രണ്ടുതവണ നികുതി അടയ്ക്കേണ്ടിവരും. പണം ചെലവാക്കിത്തുടങ്ങിയാൽ പിന്നെ നികുതി അടയ്ക്കാൻ കാശുണ്ടാകില്ല. ആർഭാടങ്ങളില്ലാതെ ജീവിക്കുക. രണ്ടു വർഷം കഴിയുമ്പോൾ പണം ചെലവാക്കിത്തുടങ്ങാം.
പണം സൂക്ഷിച്ച് കൈകാര്യം ചെയ്യണം. ആദ്യമേതന്നെ അടിച്ചുപൊളിച്ചു ജീവിച്ചാൽ ബുദ്ധിമുട്ടുണ്ടാകും. ആദ്യം ജീവിക്കാനുള്ള മാർഗം കണ്ടെത്തുക. അതിനുശേഷം മറ്റുള്ളവരെ സഹായിക്കുക. ഇല്ലെങ്കിൽ മുതലും പലിശയും എല്ലാം പോകും. സഹായം ആവശ്യപ്പെട്ടു വരുന്നവർ എല്ലാ ദിവസവും ഉണ്ടായിരുന്നു. നമുക്ക് എല്ലാവരെയും സഹായിക്കാനാകില്ല.
ഞാന്‍ പാവപ്പെട്ടവനാണ്. എന്റെ കൂട്ടരും പാവപ്പെട്ടവരാണ്. നമുക്ക് തന്നെ കൊടുത്ത് തീർത്താൽ തീരില്ല. ചോദിച്ചിട്ട് കൊടുക്കാത്തതിനാൽ സ്വന്തക്കാരും ബന്ധുക്കാരുമൊക്കെ ശത്രുക്കളായി. നമ്മൾ കൊടുത്തു കഴിഞ്ഞാൽപ്പിന്നെ നമുക്ക് ബുദ്ധിമുട്ടായില്ലേ?. എല്ലാവരെയും സഹായിക്കാൻ പറ്റില്ല. പക്ഷേ, അത്യാവശ്യമുള്ള മൂന്ന്–നാല്–അഞ്ചുപേരെ സഹായിച്ചു. എല്ലാവരെയും സഹായിക്കാൻ സമയം കിട്ടിയിട്ടില്ലല്ലോ. ഫിക്സ്ഡ് ഡിപ്പോസിറ്റിൽ ഇട്ടേക്കുകയല്ലേ. പലിശയൊക്കെ കൊടുത്തുകഴിഞ്ഞ് വരവുചെലവ് അറിഞ്ഞതിനുശേഷമേ എന്തെങ്കിലുമൊക്കെ ചെയ്യാനാകൂ.
നികുതിയൊക്കെക്കൊടുത്ത് ഇപ്പോഴാണ് ഫ്രീ ആയത്. ഇനി വരുമാനം കിട്ടുന്ന എന്തെങ്കിലും കാര്യം തുടങ്ങണം. അതില്‍നിന്നു ലാഭം കിട്ടിയിട്ട് മറ്റുള്ളവരെ സഹായിക്കാൻ പറ്റുന്നെങ്കിൽ സഹായിക്കണം. മക്കളുടെ പേരിലൊക്കെ പണം ഡിപ്പോസിറ്റായി നീക്കിവച്ചിട്ടുണ്ട്’’ – ജയപാലൻ കൂട്ടിച്ചേർത്തു.
ഓട്ടോ ഡ്രൈവറായിരുന്ന ജയപാലൻ ബംപർ അടിച്ചതിനുശേഷവും ഇതേ തൊഴിൽ ചെയ്തു തന്നെയാണ് ജീവിക്കുന്നത്. ഇത്തവണത്തെ ബംപർ ലോട്ടറി രണ്ടെണ്ണം ജയപാലൻ എടുത്തിരുന്നു. മനസ്സിനിണങ്ങിയ രണ്ടു ടിക്കറ്റാണ് എടുത്തത്. തൃപ്പൂണിത്തുറയിൽനിന്ന് ഒരു തൃശൂർ ടിക്കറ്റും ഒരു ആലപ്പുഴ ടിക്കറ്റുമാണ് ജയപാലൻ ഇത്തവണയെടുത്തത്. ലോട്ടറി അടിച്ച പണം കൊണ്ട് താനിതുവരെ ജീവിക്കാൻ തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.