മലപ്പുറം:സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയ നൗഫലിനെതിരെ മുന്‍മന്ത്രി കെടി ജലീല്‍. നൗഫലും കുടുംബവും ഫിറോസ് കുന്നംപറമ്ബിലുമായി അടുത്ത ബന്ധം ഉള്ളവരാണെന്ന് കെ ടി ജലീല്‍ ആരോപിച്ചു.
തവനൂരില്‍ തന്നെ തോല്‍പ്പിക്കാന്‍ ഫിറോസ് കുന്നംപറമ്ബിലിനൊപ്പം നൗഫലിന്റെ സഹോദരന്‍ പ്രവര്‍ത്തിച്ചുവെന്നും, വിവാദ വനിതയുടെ നമ്ബര്‍ നൗഫലിന് ലഭിച്ചതില്‍ ദുരൂഹതയുണ്ടെന്നും ജലീല്‍ ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം
സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍, അങ്ങാടിപ്പുറം സ്വദേശി നൗഫലിനെ പൊലീസ് പിടികൂടിയിരുന്നു. മുന്‍ മന്ത്രി കെ ടി ജലീല്‍ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്ന് ഇയാള്‍ പറഞ്ഞതായാണ സ്വപ്ന മാധ്യമങ്ങളോടു പറഞ്ഞിരുന്നത്. ഭീഷണി സന്ദേശങ്ങള്‍ സഹിതം ഡിജിപി അനില്‍ കാന്തിന് പരാതി നല്‍കിയെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഇതേത്തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നാണ് പോലീസും, കുടുംബവും പറയുന്നത്. ഇതിനെതിരെയാണ് മുന്‍ മന്ത്രി കെ ടി ജലീല്‍ രംഗത്തെത്തിയത്.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
”നൗഫലും കുടുംബവും ഫിറോസ് കുന്നുംപറമ്ബിലിന്റെ ആരാധകര്‍ നൗഫലിന്റെ കുട്ടിയുടെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പണം സ്വരൂപിച്ച് നല്‍കിയത് ഫിറോസ് കുന്നുംപറമ്ബില്‍.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്നെ തോല്‍പിക്കാന്‍ നൗഫലിന്റെ സഹോദരന്‍ നിസാര്‍ ദിവസങ്ങളോളം തവനൂരില്‍ തമ്ബടിച്ച് പ്രവര്‍ത്തിച്ചു.മുഖ്യമന്ത്രിയെ കുറിച്ചും കുടുംബത്തെ കുറിച്ചും എന്നെ കുറിച്ചും നൗഫലിനെ കൊണ്ട് നല്ല വാക്കുകള്‍ പറയിപ്പിച്ചത് ദുരുദ്ദേശത്തോടെ. വോയ്‌സ് ക്ലിപ്പ് ശ്രദ്ധിച്ചാല്‍ മറ്റാരോ അദ്ദേഹത്തിന് നിര്‍ദ്ദേശം നല്‍കുന്നത് മനസ്സിലാക്കാം.
സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ നൗഫലിനെ ഉപയോഗിച്ച് നടത്തിയ നാടകത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്തണം. ഇദ്ദേഹത്തിന് വിവാദ വനിതയുടെ നമ്ബര്‍ കിട്ടിയതിലും ദുരൂഹതയുണ്ട്.നിയമസഭ നടക്കുമ്ബോള്‍ പ്രതിപക്ഷത്തിന് അടിയന്തിര പ്രമേയത്തിനുള്ള വക ഉണ്ടാക്കിക്കൊടുക്കാന്‍ നടത്തിയ ഗൂഡാലോചനയാണിതെന്ന് ന്യായമായും സംശയിക്കാന്‍ വകയുണ്ട്”.