തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരെയും നേരിയ ലക്ഷണങ്ങള്‍ ഉള്ളവരെയും ആദ്യഘട്ടത്തില്‍ പ്രാഥമിക കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചാല്‍ മതിയാകും. കൊവിഡ് ബാധ ഗുരുതരമെങ്കില്‍ വിദഗ്ധ ചികിത്സയ്ക്കായി മാറ്റാം. രോഗബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിയ്ക്കുന്ന സാഹചര്യത്തിലാണ് പ്രാഥമിക പരിശോധനാ കേന്ദ്രങ്ങളില്‍ പരിശോധനകള്‍ ശക്തിപ്പെടുത്താന്‍ തീരുമാനമായത്.
സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിലവിലെ കൊവിഡ് സ്പെഷ്യാലിറ്റി ആശുപത്രികള്‍ തികയാതെ വന്നേക്കുമെന്ന വിലയിരുത്തലിലാണ് പുതിയ നടപടി. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരെയും നേരിയ ലക്ഷണങ്ങള്‍ ഉള്ളവരെയും ആദ്യഘട്ടത്തില്‍ തന്നെ സ്പെഷ്യാലിറ്റി ആശുപത്രികളിലേക്ക് മാറ്റേണ്ടതില്ല. പ്രാഥമിക പരിശോധനാ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ച ശേഷം രോഗബാധ ഗുരുതരമെങ്കില്‍ വിദഗ്ധ ചികിത്സയ്ക്കായി മാറ്റാം. പ്രാഥമിക പരിശോധനാ കേന്ദ്രളായി
ഓഡിറ്റോറിയം, ഹാളുകള്‍, ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവ ഉപയോഗിക്കാം.ഒരു കേന്ദ്രത്തില്‍ പരമാവധി 50 പേരെ പ്രവേശിപ്പിക്കാമെന്ന് മാര്‍ഗനിര്‍ദേശങ്ങളിലുണ്ട്.
അതേസമയം രോഗികള്‍ക്ക് മാസികാരോഗ്യ വിദഗ്ധന്റെ സേവനം ലഭ്യമാക്കണമെന്നതാണ് പ്രധാനപ്പെട്ട മറ്റൊരു നിര്‍ദേശം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗി ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. 14 ദിവസത്തേക്ക് 4 ഡോക്ടര്‍മാര്‍ക്കായിരിക്കും ഇത്തരം കേന്ദ്രങ്ങളില്‍ ഡ്യൂട്ടി. ടെലി മെഡിസിന്‍ സേവനം, സൗജന്യ ഭക്ഷണം എന്നിവ ഉറപ്പാക്കണമെന്നും സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിലുണ്ട്. ഇതിനിടെ പ്രവാസികള്‍ക്കുള്ള കൊവിഡ് പരിശോധനയുടെ ചുമതല ഇന്ത്യന്‍ എംബസി ഏറ്റെടുക്കണമെന്ന് മന്ത്രി ഇ.പി.ജയരാജന്‍ ആവശ്യപ്പെട്ടു. റിസ്‌ക് കൂടാതിരിക്കാനാണ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതെന്നും മന്ത്രി പറഞ്ഞു.