തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്ഇബി ബില്ലിംഗ് രീതി സംബന്ധിച്ച് വ്യാപക പരാതി. ലോക്ക്ഡൗണ്‍ കാലത്തെ ശരാശരി ബില്ലിംഗ് രീതിയില്‍ പലര്‍ക്കും ഉയര്‍ന്ന തുകയാണ് വൈദ്യുതി ബില്‍ വന്നിരിക്കുന്നത്. പ്രമുഖര്‍ ഉള്‍പ്പെടെ നിരവധിപേര്‍ ഇന്നും കറന്റ് ബില്ലിനെതിരെ രംഗത്തെത്തി. ശരാശരി ബില്ലിംഗിലെ അശാസ്ത്രീയതയ്ക്കൊപ്പം ബില്‍ തയ്യാറാക്കാന്‍ വൈകിയതും തുക കൂടാന്‍ കാരണമായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ലോക്ക്ഡൗണ്‍ കാലത്ത് വീടുകളിലെത്തി നേരിട്ട് മീറ്റര്‍ റീഡിംഗ് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കെഎസ്ഇബി നടപ്പാക്കിയ ശരാശരി ബില്ലിംഗാണ് വ്യാപക പരാതിക്ക് വഴിവച്ചത്. ഏപ്രില്‍ മെയ് മാസങ്ങളില്‍ ഇക്കുറി ലോക്ക്ഡൗണ്‍കൂടി വന്നതോടെ ഉപഭോഗം വന്‍തോതില്‍ ഉയര്‍ന്നെന്നും അതാണ് ബില്ലില്‍ പ്രതിഫലിച്ചതെന്നുമാണ് കെഎസ്ഇബി വാദമെങ്കിലും ഇത് കേരളത്തിലെ ഒന്നേകാല്‍ കോടിയോളം വരുന്ന ഉപഭോക്താക്കളില്‍ ഭൂരിഭാഗം പേരും അംഗീകരിക്കുന്നേയില്ല. ശരാശരി ബില്ലിംഗ് തെറ്റെന്ന് കണക്കുകള്‍ നിരത്തി ഇവര്‍ പറയുന്നു.
ഫെബ്രുവരി മുതല്‍ നേരിട്ട് റീഡിംഗ് എടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നാലു മാസത്തെ റീഡിംഗ് ഒരുമിച്ചെടുത്ത് അതിന്റെ ശരാശരി കണ്ടാണ് ബില്‍ തയ്യാറാക്കിയത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഉപഭോഗം താരതമ്യേന കുറവായിരുന്നു. ഏപ്രില്‍ മെയ് മാസങ്ങളിലാകട്ടെ കൂടുതലും .എന്നാല്‍ ശരാശരി ബില്‍ തയ്യാറാക്കിയപ്പോള്‍ ഏപ്രില്‍ മെയ് മാസങ്ങളിലെ ഉയര്‍ന്ന ഉപഭോഗത്തിന്റെ ഭാരം കൂടി ഫെബ്രുവരി, മാര്‍ച്ച് മാസത്തെ ബില്ലിലും പ്രതിഫലിച്ചു.
\