കോഴിക്കോട്: ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദിര് പട്ടേല്‍ പാര്‍ട്ടിവിടുന്നുവെന്ന് പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാമിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ചര്‍ച്ചയാവുന്നു. കോണ്‍ഗ്രസിലേക്കുള്ള ഹാര്‍ദികിന്റെ വരവ് സംബന്ധിച്ച് ബല്‍റാം ഇട്ട പോസ്റ്റിന്റെ സ്‌ക്രീന്‍ഷോര്‍ട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വടക്കൂന്നും തെക്കൂന്നുമൊക്കെ കോണ്‍ഗ്രസിന്‍ നിന്ന് പുറത്തേക്ക് പോകുന്നത് സ്വന്തം നാട്ടില്‍ പോലും പത്താളുടെ പിന്തുണ ഇല്ലാത്തവരാണ്, എന്നാല്‍ കോണ്‍ഗ്രസിലേക്ക് കടന്നുവരുന്നത് ഒറ്റയ്ക്ക് പത്ത് ലക്ഷം ആളുകളുടെ റാലി സംഘടിപ്പിക്കാന്‍ കഴിയുന്ന ഹാര്‍ദിക് പട്ടേലിനെ പോലെയുള്ളവരാണെന്ന് മറക്കേണ്ട, എന്നായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്. 2019 മാര്‍ച്ച് 14 നായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്.
ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോര്‍ട്ട് പിവി അന്‍വര്‍ പങ്കുവെച്ചിട്ടുണ്ട്. സൈബര്‍ സഖാക്കളോടാണ്, ഒന്നാമതെ കോണ്‍ഗ്രസ് മെരിച്ച് കൊണ്ടിരിക്കുകയാണ്..ഈ സമയം നമ്മളായി ഇത് കുത്തി പൊക്കണ്ട..നമ്മളങ്ങനെ ചെയ്യോ എന്നാണ് ബല്‍റാമിനെ പരിഹസിച്ച് അന്‍വര്‍ പോസ്റ്റ് ചെയ്തത്. റീ ബില്‍ഡ് തൃത്താല വാഴയെന്ന് അന്‍വര്‍ തന്നെ തന്റെ പോസ്റ്റിന് കമന്റ് ചെയ്തിട്ടുമുണ്ട്. എല്ലാവരും പോയി ഒരു ഹായ് കൊടുക്കുന്ന കുറിപ്പോടെ പോസ്റ്റിന്റെ ലിങ്കും പോസ്റ്റ് ചെയ്തിട്ടുണ്ട്.
നേരത്തെ തന്നെ ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് വിടുമെന്ന സൂചന നല്‍കിയിരുന്നു. നിയമസഭാതിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് ഹാര്‍ദിക് പാര്‍ട്ടി വിട്ടത്. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറുകയായിരുന്നു.രാജ്യത്തിന്റേയും സമൂഹത്തിന്റേയും പൊതുതാത്പര്യത്തിനെതിരായി പ്രവര്‍ത്തിക്കുന്നുന്നതുകൊണ്ടാണ് രാജിവെയ്ക്കുന്നതെന്ന് രാജിക്കത്തില്‍ ഹാര്‍ദിക് പറഞ്ഞിരുന്നു.കുറേകാലമായി പാര്‍ട്ടിയോട് ഇടഞ്ഞ് നില്‍ക്കുകയായിരുന്നു ഹാര്‍ദിക്ക്. പാര്‍ട്ടിയുമായുള്ള വിയോജിപ്പ് ഹാര്‍ദിക് പലതവണ പ്രകടിപ്പിച്ചിട്ടുമുണ്ട്.
എന്നാല്‍, കഴിഞ്ഞദിവസങ്ങളില്‍ രാഹുല്‍ പങ്കെടുത്ത റാലിയില്‍ ഹാര്‍ദികിന്റെ സാന്നിധ്യം ചര്‍ച്ചയായിരുന്നു. പാര്‍ട്ടിയുമായുള്ള അകലം കുറച്ച് ഹാര്‍ദിക് വീണ്ടും സജീവമായി രംഗത്തെത്തുകയാണെന്നായിരുന്നു സംഭവത്തെ വിലയിരുത്തിയത്. അതുവരെ ഹാര്‍ദിക് പാര്‍ട്ടി വിട്ടേക്കുമെന്ന ഭയത്തില്‍ നിന്നിരുന്ന കോണ്‍ഗ്രസിന് അതൊരു ആശ്വാമായിരുന്നു. എന്നാല്‍ പെട്ടെന്നായിരുന്നു ഹാര്‍ദിക്കിന്റെ രാജി പ്രഖ്യാപനം വന്നത്. ഇതോടെ കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം തന്നെ കാഴ്ച വെയ്ക്കണമെന്ന കോണ്‍ഗ്രസിന്റെ ലക്ഷ്യത്തിന് വലിയതരത്തില്‍ തന്നെ തടയിടുന്നതാണ് ഹാര്‍ദിക്കിന്റെ പുറത്തേക്കുള്ളപോക്ക്.
ഹാര്‍ദിക് ബിജെപിയോട് കൈകോര്‍ത്താല്‍ അതും കോണ്‍ഗ്രസിന് പ്രഹരമാകും. നേരത്തെ തന്നെ ബി.ജെ.പിയെ പ്രശംസിച്ച് ഹാര്‍ദിക് രംഗത്തെത്തിയിരുന്നു.