തിരുവനന്തപുരം: മൈലക്കരയില്‍ പ്ലസ്ടു വിദ്യാര്‍ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ അയല്‍ക്കാരനായ പോലീസുകാരനെതിരേ അന്വേഷണം. മൈലക്കര ഷര്‍ലക്ക്‌കോഡ് വീട്ടില്‍ ബഷീര്‍, ഷീല ദമ്പതികളുടെ മകള്‍ തസ്ലീമ(18)യുടെ ആത്മഹത്യയിലാണ് പോലീസുകാരന്‍ അഖിലി(32)നെതിരേ അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് തസ്ലീമയെ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പോലീസ് ഉദ്യോഗസ്ഥനായ അഖില്‍ തസ്ലീമയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് വീട്ടുകാരെ നിരന്തരം ബന്ധപ്പെട്ടിരുന്നതായി തസ്സീമയുടെ കുടുംബം പറയുന്നു. എന്നാല്‍ വിദ്യാര്‍ഥിനി എന്ന നിലയില്‍ പിന്നീട് തീരുമാനിക്കാം എന്ന നിലപാടായിരുന്നു കുടുംബത്തിനുണ്ടായിരുന്നത്. പക്ഷെ അഖിലും പെണ്‍കുട്ടിയുമായി ബന്ധം തുടര്‍ന്നതോടെ വിവാഹം കഴിച്ച് കൊടുക്കാം എന്ന് കുടുംബവും പറഞ്ഞിരുന്നു. പക്ഷെ, ഇവരുടെ ബന്ധത്തില്‍ അഖിലിന്റെ കുടുംബത്തിന് താല്‍പര്യവുമുണ്ടായിരുന്നില്ല.
ഇതിനിടെ അഖില്‍ മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും തസ്ലീമയെ വിവാഹം കഴിക്കുന്നതില്‍ നിന്ന് പിന്‍മാറുകയു ചെയ്തു. മാത്രമല്ല തസ്ലീമയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും മോശമായി സംസാരിക്കുകയും ചെയ്തതായി കുടുംബം പറയുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നും കുടുംബം ആരോപിക്കുന്നുണ്ട്.
അഖിലുമായുള്ള വിവാഹം നടത്തണമെങ്കില്‍ പത്ത് ലക്ഷം രൂപയും 25 പവന്‍ സ്വര്‍ണവും അഖിലിന്റെ കുടുംബം ആവശ്യപ്പെട്ടതായും തസ്ലീമയുടെ കുടുംബം പറയുന്നു. അഖിലുമായി ഫോണില്‍ സംസാരിച്ച ശേഷം തസ്സീമ ശുചിമുറിയില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നു. വീരണക്കാവ് ഹയർ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്.
പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നെയ്യാര്‍ഡാം പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.