അഞ്ച് വര്‍ഷത്തിന് ശേഷം താന്‍ നേരിട്ട അതിക്രമത്തെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തി നടി ഭാവന. മാധ്യമപ്രവര്‍ത്തക ബര്‍ക്ക ദത്ത് നടത്തുന്ന ‘വി ദി വുമണ്‍’ എന്ന പരിപാടിയിലാണ് ഭാവന തന്റെ അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഒടുവില്‍ താന്‍ ഇരയല്ല അതിജീവിച്ചവളാണെന്ന് മനസിലാക്കിയ നിമിഷത്തെ കുറിച്ചാണ് ഭാവന പറയുന്നത്.
ഭാവനയുടെ വാക്കുകള്‍:
ഇത് സംഭവിച്ചപ്പോള്‍ എന്റെ ജീവിതം തലകീഴായ് മറിഞ്ഞു. ഒരാളെ കണ്ടെത്തി അയാളുടെ മേല്‍ കുറ്റം ചാര്‍ത്തി ഈ പ്രശ്നത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഞാന്‍ ചിന്തിച്ചിരുന്നു. കാരണം, എന്തു കൊണ്ടാണ് ഇത് സംഭവിച്ചത്? എന്തു കൊണ്ടാണ് ഞാന്‍ ഇതിന് ഇരയായത് എന്നിങ്ങനെയായിരുന്നു എന്റെ ചിന്തകള്‍. എനിക്ക് സ്വയം ആശ്വാസം കണ്ടെത്താനായി എന്തിന്റെ എങ്കിലും മേല്‍ കുറ്റം ആരോപിക്കാനായി ഞാന്‍ നിരന്തരം ശ്രമിച്ചു. 2015ല്‍ എന്റെ പിതാവ് അന്തരിച്ചു. അദ്ദേഹം ജീവിച്ചിരുന്നിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു.
എനിക്ക് അടുത്ത ദിവസം ഷൂട്ടിംഗ് ഇല്ലായിരുന്നുവെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. ഇത് ഒരു വലിയ ദുസ്വപ്നം പോലെ തോന്നി. രാവിലെ എഴുന്നേറ്റ് കഴിഞ്ഞാല്‍ എല്ലാം സാധാരണ പോലെയാകുമെന്ന് ഞാന്‍ വിചാരിക്കാന്‍ തുടങ്ങി. പല തവണയും പഴയ ജീവിതത്തിലേക്ക് മടങ്ങി പോകാന്‍ ഞാന്‍ ആഗ്രഹിച്ചു. എല്ലാം മാറി മറഞ്ഞ് സാധാരണ ജീവിതത്തിലേക്ക് പോകാന്‍ കഴിയുമെന്ന് ഞാന്‍ ചിന്തിച്ചു. സ്വയം കുറ്റപ്പെടുത്തി. എപ്പോഴും ആലോചിക്കും അതിന് ശേഷം ഞാന്‍ എന്തു ചെയ്തെന്ന്. എന്നാല്‍ ഒരിടത്തു തന്നെ ഞാന്‍ ചുറ്റിത്തിരിഞ്ഞു കൊണ്ടിരുന്നു. അതെ ഞാന്‍ കാരണം തന്നെയാണ് ഇത് എനിക്ക് സംഭവിച്ചത് എന്ന് പറഞ്ഞ് സ്വയം കുറ്റപ്പെടുത്താന്‍ ശ്രമിച്ചു.
കേസിന്റെ എന്റെ ആദ്യത്തെ ട്രയല്‍ നടന്നത് 2020ല്‍ ആണ്. എനിക്ക് 15 ദിവസം കോടതിയില്‍ പോകേണ്ടി വന്നത്. കോടതിയില്‍ പോകേണ്ടി വന്ന ആ 15 ദിവസം ഒരു ട്രൊമാറ്റിക് എക്സ്പീരിയന്‍സ് ആയിരുന്നു. 15 ദിവസത്തെ ഹിയറിങ്ങിന് ശേഷം കോടതിയില്‍ നിന്നും പുറത്തു വന്നപ്പോഴാണ് അതിജീവിതയെ പോലെ എനിക്ക് തോന്നിയത്. ഞാന്‍ ഒരു ഇര അല്ല അതജീവിച്ചളാണെന്ന് കോടതിയില്‍ നിന്നും ഇറങ്ങിയപ്പോള്‍ എനിക്ക് മനസിലായി. എനിക്ക് ഇത് അതിജീവിക്കാന്‍ സാധിക്കും. ഞാന്‍ എനിക്ക് വേണ്ടി മാത്രമല്ല എനിക്ക് പിന്നാലെ വരുന്ന എല്ലാ പെണ്‍കുട്ടികളുടെയും അന്തസ്സിനായാണ് ഞാന്‍ നിലകൊള്ളുന്നത് എന്ന് മനസിലായി. ഞാന്‍ ഇരയല്ല അതിജീവിതയാണെന്ന് ഒടുവില്‍ എന്റെ മനസിന് ബോധ്യമായി.
അഞ്ചു വര്‍ഷം എനിക്ക് വളരെ ബുദ്ധിമുട്ടേറിയത് ആയിരുന്നു. ഒരു സംഭവം നടന്നു കഴിഞ്ഞാല്‍ എങ്ങനെയാക്കെ ആയിരിക്കും അതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ നടക്കുക എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. 2017ല്‍ ഇത് സംഭവിച്ചപ്പോള്‍ പലരും എന്റെ പേരു പറഞ്ഞു കൊണ്ട് പ്രതികരിക്കാന്‍ തുടങ്ങി. എന്നെ അറിയാത്ത കുറച്ച് പേര്‍ എന്നെ പറ്റി ചാനലുകളില്‍ പ്രതികരിക്കാന്‍ തുടങ്ങി. അവള്‍ അങ്ങനെ ചെയ്യരുതായിരുന്നു.
അന്ന് രാത്രി അവള്‍ യാത്ര ചെയ്യാന്‍ പാടില്ലായിരുന്നു. അത് നടന്നത് രാത്രി ഏഴു മണിക്കാണ്. സംഭവിച്ചതില്‍ അവര്‍ എന്നെ കുറ്റപ്പെടുത്താന്‍ തുടങ്ങി. ആ സമയത്ത് ഇങ്ങനെ ഒരു നെഗറ്റീവ് പിആര്‍ എനിക്കെതിരെ നടക്കുന്നുണ്ടായിരുന്നു. ഈ കേസ് വ്യാജമാണ്, ഞാന്‍ സൃഷ്ടിച്ച് എടുത്തതാണ് എന്ന് പറഞ്ഞു കൊണ്ട്. അതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നത് എനിക്ക് ഭയങ്കര ബുദ്ധിമുട്ട് ഉണ്ടാക്കി. നിര്‍ഭാഗ്യകരമായ ഒരു കാര്യം എനിക്ക് സംഭവിച്ചതോടെ ഞാന്‍ തകര്‍ന്നു പോയി. കുറേ കഷ്ണങ്ങളായി ഞാന്‍ പൊട്ടിച്ചിതറി പോയി. ഇത് മറികടന്ന് എഴുന്നേറ്റ് നില്‍ക്കാനും ജീവിക്കാനും ഞാന്‍ പരിശ്രമിക്കുകയായിരുന്നു.