കീവ്: ബെലാറൂസിൽ നടന്ന റഷ്യ–യുക്രെയ്ൻ ചർച്ച അവസാനിച്ചു. ചില തീരുമാനങ്ങളിലെത്തിയെന്ന് യുക്രെയ്ൻ പ്രതിനിധി അറിയിച്ചു. അഞ്ചര മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷം പ്രതിനിധികൾ ബെലാറൂസിൽ നിന്നും മടങ്ങി. ധാരണയിലെത്താനുള്ള നിർദേശങ്ങൾ രൂപപ്പെട്ടെന്ന് റഷ്യയും അറിയിച്ചു. അടുത്ത റൗണ്ട് ചർച്ച പോളണ്ട്–ബെലാറൂസ് അതിർത്തിയിലെന്നും റഷ്യ അറിയിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ രണ്ടാം റൗണ്ട് ചർച്ച നടക്കുമെന്നാണ് സൂചന.
ചര്‍ച്ചയില്‍ സമ്പൂര്‍ണ സേനാപിന്‍മാറ്റം ആവശ്യപ്പെട്ട് യുക്രെയ്ന്‍. ക്രൈമിയയില്‍ നിന്നും ഡോണ്‍ബാസില്‍ നിന്നും റഷ്യന്‍ സേന പിന്മാറണമെന്നും യുക്രെയ്ൻ ആവശ്യപ്പെട്ടു.
ഇതിനിടെ യുക്രെയ്ന്‍ തലസ്ഥാനം കീവിൽനിന്നു മാറാന്‍ ജനങ്ങള്‍ക്ക് റഷ്യന്‍ സേനയുടെ നിര്‍ദേശം. നഗരത്തിന് പുറത്തേക്ക് സുരക്ഷിത പാത നല്‍കാമെന്നും റഷ്യന്‍ സൈന്യം അറിയിച്ചു. രാത്രി എട്ടുമുതല്‍ രാവിലെ ഏഴുവരെ കീവില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ബെലാറൂസിലെ എംബസിയുടെ പ്രവര്‍ത്തനം യുഎസ് നിര്‍ത്തിവച്ചു. ബെലാറൂസ് റഷ്യയ്ക്ക് സഹായം തുടര്‍ന്നാല്‍ കടുത്ത നടപടിയെന്ന് മുന്നറിയിപ്പ്. മോസ്കോ എംബസിയിലെ പ്രധാന ചുമതലയില്ലാത്ത ഉദ്യോഗസ്ഥര്‍ക്ക് മടങ്ങാന്‍ നിര്‍ദേശം നൽകി. കുടുംബാംഗങ്ങളെയും തിരികെ കൊണ്ടുപോരാന്‍ യുഎസ് നിര്‍ദേശിച്ചു.
റഷ്യ 23 രാജ്യങ്ങൾക്ക് വ്യോമപാത നിഷേധിച്ചു. ജർമ്മനി, ഫ്രാൻസ്, ഇറ്റലി, സ്പെയ്ൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കാണ് വിലക്ക്. ആണവായുധങ്ങൾ തയാറാക്കി വയ്ക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ നിർദേശം നൽകി.
ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലൂക്കഷെൻകോയാണ് ചർച്ചയ്ക്കായി യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയെ ക്ഷണിച്ചത്. എന്നാൽ റഷ്യൻ അധിനിവേശത്തിന് ബെലാറൂസ് സഹായം നൽകുന്നതിനാൽ ചർച്ചയ്ക്കില്ലെന്നായിരുന്നു യുക്രെയ്ന്റെ നിലപാട്. പിന്നീട് നിലപാട് മാറ്റുകയായിരുന്നു. യുദ്ധം നീണ്ടുപോയാൽ വരും ദിവസങ്ങളിൽ യുക്രെയ്ന് സൈനിക സഹായം നൽകുമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു.
റഷ്യയിലും മറ്റു രാജ്യങ്ങളിലും യുദ്ധത്തിനെതിരെ വൻ പ്രക്ഷോഭമാണ് നടക്കുന്നത്. യൂറോപ്യൻ യൂണിയൻ എത്രയും പെട്ടെന്ന് അംഗത്വം അനുവദിക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് ആവശ്യപ്പെട്ടു.