തൃശ്ശൂർ: കൊവിഡ് (Covid) വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ (Guruvayur Temple) കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. പ്രതിദിനം 3000 പേർക്ക് മാത്രം ദർശനം അനുവദിക്കും. വെർച്വൽ ക്യൂ വഴി മാത്രമായിരിക്കും ദർശനം.
ക്ഷേത്രത്തിലെ ചോറൂണ് വഴിപാട് നിർത്തിവച്ചു. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ കലാപരിപാടികൾ ഒഴിവാക്കി. വിവാഹത്തിന് 10 പേർ മാത്രമേ പങ്കെടുക്കാവൂ. ഫോട്ടോഗ്രാഫർമാരായി രണ്ടു പേർ മാത്രമേ ആകാവൂ എന്നും നിർദ്ദേശമുണ്ട്.
കലാമണ്ഡലം ക്യാമ്പസ് അടച്ചു
കൊവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ കലാമണ്ഡലം ക്യാമ്പസ് (Kerala Kalamandalam) അടച്ചു. ഇന്ന് മുതൽ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റെഗുലർ ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല എന്ന് വൈസ് ചാൻസലർ ടി.കെ നാരായണൻ അറിയിച്ചു. നാളെ മുതൽ ക്ലാസുകൾ ഓൺലൈനായി നടക്കും.
എല്ലാ വിദ്യാർത്ഥികളും ഈ മാസം 20 ന് വൈകുന്നേരത്തിനുള്ളിൽ ഹോസ്റ്റൽ ഒഴിഞ്ഞു പോകണം. ഈ മാസം നടത്താനിരുന്ന അരങ്ങേറ്റം, മാസ പരിപാടികൾ എന്നിവ യഥാസമയത്ത് നടക്കും. അധ്യാപകർക്ക് ലീവ് ബാധകമല്ല.