റായ്പൂര്‍: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ സന്യാസി കാളിചരണ്‍ മഹാരാജിനെ ഛത്തീസ് ഗഡ് പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഖജുരാഹോയില്‍ നിന്നാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അധിക്ഷേപ പരാമര്‍ശത്തില്‍ കാളിചരണ്‍ മഹാരാജിനെതിരെ റായ്പൂരിലെ ടിക്രാപര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
റായ്പുരില്‍ രണ്ടു ദിവസത്തെ ധര്‍മ സന്‍സദ് ക്യാംപിലാണ് കാളിചരണ്‍ മഹാരാജിന്റെ വിവാദ പ്രസംഗം. മഹാത്മാ ഗാന്ധിയെ അധിക്ഷേപിച്ച അദ്ദേഹം ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്സെയെ പ്രകീര്‍ത്തിക്കുകയും ചെയ്തു. സംഭവത്തില്‍ മത സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്.
കോണ്‍ഗ്രസ് നേതാവായ പ്രമോദ് ദുബെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. മഹാരാഷ്ട്രയിലെ അകോള സ്വദേശിയാണ് കാളിചരണ്‍ മഹാരാജ്. പരിപാടിയുടെ സംഘാടകര്‍ അടക്കം കാളിചരണ്‍ മഹാരാജിന്റെ പ്രസംഗത്തെ തള്ളിപ്പറഞ്ഞു.
പരിപാടിയില്‍ പ്രസംഗിച്ച ഗാവ് സേവ ആയോഗ് ചെയര്‍മാനും പരിപാടിയുടെ രക്ഷാധികാരിയുമായ മഹന്ത് റാംസുന്ദര്‍ ദാസ് പ്രസംഗത്തെ ശക്തമായി അപലപിച്ചശേഷം വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. സംഘാടകനായ നീല്‍കാന്ത് ത്രിപാഠിയും പ്രസംഗത്തെ തള്ളിക്കളയുന്നതായി അറിയിച്ചു. എന്നാല്‍ വിവാദപ്രസംഗത്തില്‍ ഒട്ടും ഖേദം ഇല്ലെന്നാണ് പിന്നീടും കാളിചരണ്‍ മഹാരാജ് പ്രതികരിച്ചത്.