തിരുവനന്തപുരം: പ്ലസ് വണ്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഒടുവില്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. സീറ്റ് കുറഞ്ഞയിടങ്ങളില്‍ വര്‍ധിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു. മലപ്പുറമടക്കം ഏഴ് ജില്ലകളിലാണ് സീറ്റുകള്‍ കൂട്ടൂക. സര്‍ക്കാര്‍ സീറ്റുകളില്‍ 10 മുതല്‍ 20 ശതമാനം വരെ സീറ്റ് കൂട്ടുമെന്നും മന്ത്രി വ്യക്തമാക്കി.
നിലവില്‍ 50 താലൂക്കുകളില്‍ സീറ്റ് കുറവുണ്ടായിട്ടുള്ളത്. ഈ താലൂക്കുകളിലാണ് സീറ്റ് കൂട്ടുന്നതെന്നും മന്ത്രി പറഞ്ഞു. ഇനിയും സപ്ലിമെന്ററി അലോട്ട്‌മെന്റ് നടത്തും. സയന്‍സിന് താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കും. ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകള്‍ ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റാനും ആലോചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് മുഴുവന്‍ എ പ്ലസ് കിട്ടിയിട്ടും പ്രവേശനമില്ലാതെ 5812 വിദ്യാര്‍ഥികളാണ് ഉള്ളതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. അതേസമയം പ്ലസ് വണ്‍ നടപടിക്രമങ്ങളില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷം ആരോപിച്ചു. സപ്ലിമെന്ററി അലോട്ട്‌മെന്റ് കൊണ്ടും പ്രശ്‌നം പരിഹരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.