“ന്യൂഡൽഹി: വീർസവർക്കർ മാപ്പ് അപേക്ഷിച്ചത് രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ നിർദേശ പ്രകാരമായിരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്. രാജ്യത്തെ മോചിപ്പിക്കാൻ പ്രചാരണം നടത്തുന്നത് പോലെ സവർക്കറെ മോചിപ്പിക്കാനും തങ്ങൾ പ്രചാരണം നടത്തുമെന്ന് ഗാന്ധിജി പറഞ്ഞിരുന്നുവെന്നും രാജ്നാഥ് പറഞ്ഞു.
ഉദയ് മഹുർക്കർ രചിച്ച വീർ സവർക്കർ: ദി മാൻ ഹു കുഡ് ഹാവ് പ്രിവന്റഡ് പാർട്ടിഷൻഎന്ന പുസ്തക പ്രകാശനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി. സവർക്കർ ഒരു ഫാസിസ്റ്റോ നാസിയോ ആയിരുന്നില്ല. അദ്ദേഹം ഒരു യഥാർത്ഥ്യബോധമുള്ളയാളും ഒരു തികഞ്ഞ ദേശീയവാദിയുമായിരുന്നു.
സ്വതന്ത്ര ഭാരതത്തിന്റെ പ്രതിരോധ, നയതന്ത്ര തത്ത്വത്തിൽ ഏറ്റവും വലിയ ദർശകനായിരുന്നു സവർക്കറെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യൻ ചരിത്രത്തിലെ മഹാനായ നായകനായിരുന്നു സർവക്കർ. നമ്മുടെ ദേശീയ നായകരെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടാകാം, എന്നാൽ ഒരു പ്രത്യേക കാഴ്ചപ്പാടോടെ അവരെ കാണുന്നത് ശരിയല്ല. സവർക്കർ ഒരു വലിയ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. അദ്ദേഹത്തെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് ക്ഷമിക്കാനാവില്ല. അദ്ദേഹം എപ്പോഴും വലിയ സ്വാതന്ത്ര്യസമര സേനാനിയായിരിക്കും. ചില ആളുകൾ ചില പ്രത്യേയശാസ്ത്രങ്ങളുടെ പേരിൽ സവർക്കറെ ചോദ്യം ചെയ്യുന്നു. രണ്ടുതവണ ബ്രിട്ടീഷുകാർ അദ്ദേഹത്തെ ജീവപര്യന്തം തടവിന് അയച്ചു. അദ്ദേഹം ചർച്ചയിൽ വിശ്വസിച്ചിരുന്നു’ രാജ്നാഥ് പറഞ്ഞു.”