ഡൽഹി:കൊവിഡ് വ്യാപനം രൂക്ഷമായ ഡൽഹിയിൽ ലോക്ക്ഡൗണ്‍ നീട്ടി. ഓക്സിജന്‍ ക്ഷാമവും കൊവിഡ് വ്യാപനവും മരണവും വര്‍ധിച്ചതിന് പിന്നാലെയാണ് ദില്ലിയിലെ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയത്.
ഓക്സിജന്‍ പ്രതിസന്ധിയില്‍ ഇന്നും ബത്ര ആശുപത്രിയടക്കമുള്ളവരുടെ ഹര്‍ജി പരിഗണിച്ച ദില്ലി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. തലയ്ക്ക് മുകളില്‍ വെള്ളമെത്തി, നിങ്ങളാണ് പ്രതിസന്ധി പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കിയത്. ദില്ലിക്ക് ആവശ്യമുള്ള 490 മെട്രിക് ടണ്‍ ഓക്സിജന്‍ എങ്ങനെയെങ്കിലും ഇന്നുതന്നെ എത്തിച്ച് കൊടുക്കണമെന്നും കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി.
ഓക്സിജന്‍ പ്രതിസന്ധിയില്‍ ആളുകള്‍ മരിക്കുന്നതിനോട് കണ്ണടക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി പറഞ്ഞ കാര്യം ചെയ്തില്ലെങ്കില്‍ ബാക്കി തിങ്കളാഴ്ച കേള്‍ക്കാമെന്ന മുന്നറിയിപ്പോടെയാണ് പിരിഞ്ഞത്. ബത്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഡോക്ടര്‍ ഉള്‍പ്പടെ 12 പേരാണ് ഇന്ന് മരിച്ചത്.
ചികിത്സയിലുണ്ടായിരുന്ന ആശുപത്രിയിലെ തന്നെ ഉദരരോഗവിഭാഗം തലവന്‍ 62 കാരനായ ഡോ. ആകെ ഹിംതാനിയടക്കം എട്ടുപേരുടെ മരണവാര്‍ത്ത ആദ്യം പുറത്തുവന്നു. ഒന്നരയോടെ ആശുപത്രിയില്‍ ഓക്സിജന്‍ എത്തിച്ചെങ്കിലും 4 പേര്‍ കൂടി മരിച്ചു.