തിരുവനന്തപുരം :സംസ്ഥാനത്ത് സിബിഎസ്ഇ ബോർഡ്, പൊതുപരീക്ഷകൾ ഒഴികെയുള്ളവ നേരിട്ട് നടത്തരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ.
സിബിഎസ്ഇ നിർദേശങ്ങൾക്ക് വിരുദ്ധമായി നിരവധി സ്‌കൂളുകൾ കുട്ടികളെ വിളിച്ചുവരുത്തി പരീക്ഷകൾ നടത്തിയെന്ന് രക്ഷകർത്താക്കൾ പരാതി നൽകിയതിനെത്തുടർന്നാണ് കമ്മീഷൻ ഇടപെട്ടത്. കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പരീക്ഷകൾ നടത്തുന്നതിന് നിയന്ത്രണമേർപ്പെടുത്തുന്നത്.
എറണാകുളം ജില്ലയിലെ നിരവധി സ്‌കൂളുകളിൽ ഒമ്പത്, പതിനൊന്ന്, ക്ലാസുകളിലെ കുട്ടികളെ വിളിച്ചുവരുത്തി പരീക്ഷ നടത്തിയെന്നാണ് രക്ഷകർത്താക്കൾ പരാതിപ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കമ്മീഷൻ ചെയർമാൻ കെ വി മനോജ് , അംഗങ്ങളായ കെ നസീർ, ബി ബബിത എന്നിവർ ഉൾപ്പെട്ട ഫുൾ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.