കാസർകോട്: കള്ളവോട്ടിന് ശ്രമമെന്ന ആരോപണത്തിൽ സ്വയംവെട്ടിലായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസർകോട്ടെ ഉദുമ മണ്ഡലത്തിൽ കുമാരി എന്ന വോട്ടറുടെ പേര് ഒരേ വിലാസത്തിൽ അഞ്ചുതവണ ചേർക്കപ്പെട്ടിരിക്കുകയാണെന്നും ഒരേ ഫോട്ടോയും വിലാസവും ഉപയോഗിച്ച് കുമാരിക്ക് ഇങ്ങനെ അഞ്ച് ഇലക്ട്രൽ ഐഡി കാർഡുകളും വിതരണം ചെയ്തിട്ടുണ്ടെന്നുമായിരുന്നു രമേശ് ചെന്നിത്തല ഇന്ന് വാർത്തസമ്മേളനത്തിൽ ആരോപിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഡിഎഫ് പ്രവർത്തകർ രാപ്പകൽ ഇല്ലാതെ കഠിനാധ്വാനം ചെയ്ത് ഈ തട്ടിപ്പ് കണ്ടു പിടിച്ചുകൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
എന്നാൽ തങ്ങൾ കോൺഗ്രസുകാരാണെന്ന് പറഞ്ഞ കുമാരിയും കുടുംബവും വോട്ട് ചേർത്തത് കോൺഗ്രസ് പ്രവർത്തകരാണെന്ന വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തി. കാര്യമറിയാതെയാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണമെന്നും കുമാരിയുടെ ഭർത്താവ് വ്യക്തമാക്കി.
‘ഞങ്ങൾ അറിഞ്ഞല്ല ലിസ്റ്റിൽ ഒന്നിലധികം തവണ പേര് വന്നത്. ഞങ്ങളാരോടും അങ്ങനെ ചെയ്യാൻ പറഞ്ഞിട്ടില്ല. ഉദ്യോഗസ്ഥരുടെ തെറ്റുകൊണ്ടാണ് കൂടുതൽ തവണ പേര് ലിസ്റ്റിൽ വന്നത്. അതിന് തങ്ങൾ എന്ത് പിഴച്ചു. ഞങ്ങൾ കോൺഗ്രസ് കുടുംബത്തിൽ പെട്ടവരാണ്. പരമ്പരാഗതമായി കോൺഗ്രസിന് വോട്ട് ചെയ്യുന്നവരാണ്’ കുമാരിയും ഭർത്താവ് രവീന്ദ്രനും മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളാണ് കുമാരിയും കുടുംബവും. 13 വർഷമായി പെരിയയിലാണ് താമസം. പഞ്ചായത്ത് അംഗമായിട്ടുള്ള കോൺഗ്രസ് നേതാവ് ശശിയാണ് ഇവരുടെ പേര് വോട്ടർപട്ടികയിൽ ചേർക്കാൻ സഹായം നൽകിയത്. ഒരു വോട്ടർഐഡി മാത്രമാണ് അവർക്കുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിലടക്കം ഒരു തവണ മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂവെന്നും ശശിയും പറയുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിൽ കൈമലർത്തുകയാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വവും.