കൊച്ചി:കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളത്ത് വില്ലേജ് ഓഫീസറെ വിജിലൻസ് അറസ്റ്റ് ചെയ്തു. നാല് സെൻറ് സ്ഥലം പോക്കുവരവ് ചെയ്യുന്നതിനാണ് എളംകുളം വില്ലേജ് ഓഫീസർ സജേഷ് കൈക്കൂലി ആവശ്യപ്പെട്ടത്.
പണം കടത്താൻ ശ്രമിച്ച സജേഷിന്റെ സുഹൃത്തും അറസ്റ്റിലായി.
ഇളംകുളം കുമാരനാശാൻ നഗർ സ്വദേശി ആൻഡ്രോ മരിച്ചുപോയ അമ്മയുടെ പേരിലുള്ള നാല് സെൻറ് സ്ഥലം പോക്ക് വരവ് ചെയ്യാൻ അപേക്ഷ നൽകിയത് 2019 ജൂലൈയിലാണ്.നടപടിക്രമങ്ങൾ പൂർത്തിയായിട്ടും വില്ലേജ് ഓഫീസർ സജേഷ് സർട്ടിഫിക്കറ്റ് പിടിച്ചു വെച്ചിരിക്കുകയായിരുന്നു.
ഒന്നര ലക്ഷം രൂപയാണ് ആദ്യം കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന് സജീഷിന്റെ സുഹൃത്ത് ഗോഡ്വിൻ ഇടനിലക്കാരനായി തുക ഒരു ലക്ഷമായി കുറച്ചു .ഇന്ന് വൈകുന്നേരം 6 മണിക്ക് വില്ലജ് ഓഫീസിൽ വച്ച് കൈക്കൂലി പണം കൈപ്പറ്റുമ്പോഴാണ് സജേഷ് അറസ്റ്റിലായത് .
പണം കൊണ്ടു പോകാൻ എത്തിയ സുജേഷിൻറെ സുഹൃത്ത് എളമക്കര സ്വദേശി വർഗീസിനെയും വിജിലൻസ് അറസ്റ്റ് ചെയ്തു.ഇരുവരെയും നാളെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.വിജിലൻസ് എറണാകുളം യൂണിറ്റ് ഡിവൈഎസ്പി സക്കറിയ മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ആലപ്പുഴ സ്വദേശി സജേഷിനെതിരെ മുൻപും പരാതി ഉയർന്നിട്ടുണ്ട്. ഒന്നരവർഷമായി എറണാകുളത്തെ വില്ലേജ് ഓഫീസർ ആയ സജേഷ് വൈകുന്നേരങ്ങളിൽ മറ്റ് ജീവനക്കാർ ഓഫീസ് വിട്ടശേഷമാണ് കൈക്കൂലി വാങ്ങിയിരുന്നത്.