കോട്ടയം: കോട്ടയത്ത് സ്‌കൂളില്‍ അധ്യാപകന്‍ 16 വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമമെന്നാരോപണം. ഒക്ടോബര്‍ 16നാണ് സ്‌കൂളിലെ സംഗീത അധ്യാപകനായ നരേന്ദ്രബാബു ലൈംഗികചൂഷണം നടത്തുന്നതായി വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയത്. സ്റ്റുഡന്റ്‌സ് കൗണ്‌സിലറോടാണ് ആദ്യം അവര്‍ കാര്യം പറഞ്ഞത്.
തുടര്‍ന്ന് സ്‌കൂള്‍ അധികൃതരെ അറിയിച്ചെങ്കിലും നടപടിയെടുക്കാനോ പരാതി പൊലീസിന് കൈമാറാനോ ഇവര്‍ തയ്യാറായില്ലെന്നും പരാതി നല്‍കി എന്ന പേരില്‍ പ്രധാന അധ്യാപകനടക്കം ചില അധ്യാപകര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും കുട്ടികള്‍ പറഞ്ഞു. പിന്നീട് രക്ഷിതാക്കള്‍ ഇടപ്പെട്ടതോടെ കഴിഞ്ഞ മാസം അധ്യാപകനെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ അതിന് ശേഷം പല അധ്യാപകരും കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി വരികയും ഭീഷണിപ്പെടുത്തിയെന്നും മാതാപിതാക്കള്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ 95 വിദ്യാര്‍ത്ഥികളാണ് പഠനം ഉപേക്ഷിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. ഇതില്‍ പ്രതികരിച്ച മാതാപിതാക്കള്‍ക്ക് ഭീഷണി കത്തുകള്‍ ലഭിച്ചുവെന്ന് അവര്‍ പറയുന്നു. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ ചെയര്‍മാനായ ജില്ലാ കളക്ടര്‍ക്കും വിദ്യാഭ്യാസ വകുപ്പുകളിലും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു.
പ്രതിയായ അധ്യാപകനെ സംരക്ഷിക്കുന്ന അധ്യാപകരെ സ്ഥലം മാറ്റിയാല്‍ മാത്രമേ തിരിച്ച് പഠിക്കാന്‍ വരൂ എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.