കൊച്ചി: ഇടതു പക്ഷത്തിൽ എത്തിയമധുവിധു തീരും മുൻപേ പിണക്കങ്ങൾ പുറത്ത് വരുന്നു. കൊച്ചി കോര്‍പ്പറേഷനില്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗവും സിപിഎമ്മും തമ്മിൽ ഇടയുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ജനവിധി തേടാൻ ഇടതു പക്ഷത്തിനു രണ്ടു സ്ഥാനാർഥി. കൊച്ചി പോണേക്കര ഡിവിഷനിലാണ് കേരള കോണ്‍ഗ്രസ് നിര്‍ത്തിയ സ്ഥാനാര്‍ത്ഥിക്കെതിരെ സിപിഎം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്.
ഇടതുമുന്നണിയിലെ ധാരണ പ്രകാരം പോണേക്കര സീറ്റ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിനാണ് നല്‍കിയത്. ഇവിടെ അഭിഭാഷകനായ ധനേഷ് മാത്യു മാഞ്ഞൂരാനെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി.എന്നാൽ 2016 ല്‍ കൊച്ചി നഗരത്തില്‍ വെച്ച് സ്ത്രീയെ കടന്നുപിടിച്ച് അപമര്യാദയോടെ പെരുമാറിയ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ആളാണ് അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാന്‍. മാധ്യമങ്ങളും പ്രതിപക്ഷവും സ്ഥാനാര്‍ത്ഥിയുടെ പൂര്‍വചരിത്രം ഉയർത്തികൊണ്ടു വന്നതോടെ സിപിഎം ജില്ലാ നേതൃത്വം പ്രശ്‌നത്തില്‍ ഇടപെടുകയും, ധനേഷ് മാത്യുവിനെ പിന്‍വലിക്കാന്‍ കേരള കോണ്‍ഗ്രസിനോട് ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ സിപിഎമ്മിന്റെ നിര്‍ദേശം ധിക്കരിച്ച് കേരള കോണ്‍ഗ്രസ് ധനേഷ് മാത്യു മാഞ്ഞൂരാന്റെ സ്ഥാനാര്‍ത്ഥിയായി നിലനിർത്തിയതോടെ ഇരുപാർട്ടികളും തമ്മിൽ ഇടഞ്ഞു. അതോടെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ പി വി ഷാജിയെ സ്വതന്ത്രനായി മല്‍സരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചു.
സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്നും, തിങ്കളാഴ്ച ഷാജിയെ പിന്‍വലിക്കാനുള്ള തീരുമാനം സിപിഎം ജില്ലാ നേതൃത്വം സ്വീകരിക്കും എന്നാണ് കരുതുന്നതെന്നും കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി വി വി ജോഷി പറഞ്ഞു.