ഗൂഡല്ലൂര്‍: മലയാളി വിദ്യാര്‍ഥിനിയെ ഉപദ്രവിച്ചുവെന്ന പരാതിയില്‍ കരാട്ടെ അധ്യാപകനെ ഗൂഡല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഗൂഡല്ലൂര്‍ ചെളിവയല്‍ സ്വദേശി സാബു എബ്രഹാമാണ് പോക്സോ കേസില്‍ അറസ്റ്റിലായത്.സംഭവത്തില്‍ ഇടവക വികാരിയുടെ പേരില്‍ പരാതി നല്‍കിയ വിദ്യാര്‍ഥിനിയെയും അമ്മയെയും വീട്ടില്‍ കയറി മര്‍ദിച്ച കേസില്‍ ഏഴുപേരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ വിദ്യാര്‍ഥിനി ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇടവകക്കെതിരെ പ്രവര്‍ത്തിച്ചു എന്ന പേരിലായിരുന്നു മര്‍ദ്ദനം. അധ്യാപകന്‍ തന്നെയാണ് ഇടവകയിലെയും അധ്യാപകന്‍. അധ്യാപകന്‍ മോശമായി പെരുമാറിയതിനാല്‍ വിദ്യാര്‍ഥിനി കരാട്ടെ പഠനം നിര്‍ത്തിയിരുന്നു. ഇടവക വികാരിയോട് പരാതി പറയുകയും ചെയ്തു. നടപടിയെടുക്കാമെന്ന് വികാരി അറിയിച്ചെങ്കിലും യാതൊരുനടപടിയും സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. ഇതേക്കുറിച്ച് പെണ്‍കുട്ടി ഇടവക കമ്മിറ്റിക്കും സഭയ്ക്കും പരാതി നല്‍കി.
ഇതിനിടെ ചൈല്‍ഡ് ലൈന്‍ സംഘടിപ്പിച്ച കൗണ്‍സിലിങ്ങില്‍ 12 പരാതികളാണ് അറസ്റ്റിലായ അധ്യാപകനെക്കുറിച്ച് ലഭിച്ചത്. പരാതികള്‍ പരിശോധിച്ച ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് പോലീസില്‍ പരാതി പറഞ്ഞു. പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് രേഖാമൂലം പള്ളി വികാരിക്കും സ്‌കൂള്‍ പ്രിന്‍സിപ്പലായ വൈദികനുമെതിരേ പരാതി നല്‍കിയതില്‍ വിറളിപൂണ്ട, കുട്ടിയുടെ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടുന്ന അമ്പതോളം വരുന്ന സംഘം വീട്ടില്‍ കയറി പെണ്‍കുട്ടിയെയും അമ്മയെയും ആക്രമിച്ചിരുന്നു. ഈ കേസിലാണ് കഴിഞ്ഞദിവസം ഏഴുപേര്‍ അറസ്റ്റിലായത്.
സ്‌കൂളിലും സമാനമായ രീതിയില്‍ കരാട്ടെ അധ്യാപകന്‍ മോശമായ രീതിയില്‍ പെരുമാറുന്നുവെന്ന് മറ്റ് വിദ്യാര്‍ഥിനികള്‍ പെണ്‍കുട്ടിയോട് അനുഭവം പങ്ക് വെച്ചപ്പോള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനും പരാതി നല്‍കി. എന്നാല്‍ പ്രിന്‍സിപ്പലും നടപടിയെടുത്തില്ല.ഇതിനുശേഷം സംഭവങ്ങള്‍ കുട്ടി രക്ഷിതാക്കളോട് പറയുകയും സമാന അനുഭവമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തു. പക്ഷേ, വൈദികര്‍ക്കും കരാട്ടെ അധ്യാപകനുമെതിരേ പെണ്‍കുട്ടിയുടെ കുടുംബം അപവാദ പ്രചാരണം നടത്തുന്നുവെന്ന രീതിയില്‍ ഇടവകയില്‍ ഒരു വിഭാഗം പെണ്‍കുട്ടിയെ ഒറ്റപ്പെടുത്താനും അവഹേളിക്കാനും തുടങ്ങി.
കുര്‍ബാനയ്ക്കിടെ കുട്ടിയെയും കുടുംബത്തെയും വികാരി പരസ്യമായി അവഹേളിച്ചുവെന്നും ആക്ഷേപമുണ്ട്.ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്യാനും കേസ് ഒതുക്കി തീര്‍ക്കാനും ശ്രമങ്ങളുണ്ടായതായും ആരോപണമുണ്ടായിരുന്നു. സമ്മര്‍ദം മൂലം പരാതി പിന്‍ലിക്കാന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ട് കേസിലും പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു