ന്യൂഡല്‍ഹി: ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന മലയാളി അടക്കമുള്ള എട്ട് മുന്‍ നാവികസേനാ ഉദ്യോഗസ്ഥർക്ക് മോചനം. മോചിക്കപ്പെട്ടവരിൽ ഏഴ് പേര്‍ ഇന്ത്യയിലേക്ക് മടങ്ങിയതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. ചാരക്കേസിൽ അറസ്റ്റിലായ മുൻ നാവികരുടെ വധശിക്ഷ നേരത്തെ ഖത്തർ റദ്ദാക്കിയിരുന്നു. ഇവരെ വെറുതേവിട്ട ഖത്തർ അമീറിന്റെ നിലപാടിൽ ഇന്ത്യ നന്ദി അറിയിച്ചു.
ക്യാപ്റ്റൻ നവ്തേജ് സിങ് ഗിൽ, ക്യാപ്റ്റൻ ബിരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകാല, കമാൻഡർ സഞ്ജീവ് ഗുപ്ത, തിരുവനന്തപുരം സ്വദേശിയെന്നുകരുതുന്ന നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരായിരുന്നു ശിക്ഷ നേരിട്ടത്. ഇന്ത്യൻ നാവികസേനയിൽനിന്ന് വിരമിച്ചശേഷം ഖത്തറിലെ സ്വകാര്യകമ്പനിയായ അൽ ദഹ്റയിൽ ജോലിചെയ്യവേ 2022 ഓഗസ്റ്റിലാണ് ഇവർ അറസ്റ്റിലായത്.
2023 മാർച്ചിൽ നടന്ന വിചാരണയ്ക്കുശേഷം ഒക്ടോബർ 26-നായിരുന്നു ഇവർക്ക് വധശിക്ഷ വിധിച്ചത്. അതേസമയം, രഹസ്യസ്വഭാവമുള്ള നടപടിക്രമങ്ങളായതിനാൽ വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നില്ല. ശിക്ഷിക്കപ്പെട്ടവർക്കെതിരേ ചുമത്തിയ കുറ്റങ്ങളും ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. മുങ്ങിക്കപ്പൽ നിർമാണരഹസ്യങ്ങൾ ഇസ്രയേലിന് ചോർത്തി നൽകിയെന്നാണ് കേസെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.