ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്‍റെ സത്യപ്രതിജ്ഞ ജൂൺ 8 ശനിയാഴ്ചയെന്ന് റിപ്പോർട്ടുകൾ. സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് എൻഡിഎ കടക്കുന്നെന്ന റിപ്പോർട്ടുകൾക്കിടെയാണ് സത്യപ്രതിജ്ഞ തീയതി പുറത്തുവരുന്നത്. ഛത്രപതി ശിവാജി സ്ഥാനമേറ്റ് ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടത്തിയതിന്‍റെ 350-ാം വാർഷികം എട്ടിനാണ്. അന്നുതന്നെ മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങൾ ബിജെപി നേരത്തെ തന്നെ ആരംഭിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തിന് മുന്നേ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ജൂൺ ഒമ്പതിനായയിരുന്നു സത്യപ്രതിജ്ഞ നിശ്ചയിച്ചിരുന്നത്. എന്നാൽ ജൂൺ 8 ശനിയാഴ്ചയാകും ചടങ്ങുകളെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.
കർത്തവ്യപഥിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനാണ് ബിജെപി നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നത്. സത്യപ്രതിജ്ഞ ചടങ്ങിന് ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച ധാരണയും ആയിട്ടുണ്ട്.
ജവഹർലാൽ നെഹ്റുവിന് ശേഷ തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലേറുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. 2014ൽ ഒന്നാം മോദി സർക്കാരിന്‍റെ സത്യപ്രതിജ്ഞ മെയ് 26 തിങ്കളാഴ്ചയായിരുന്നു. ആ വർഷം ഫലം പ്രഖ്യാപിച്ചത് മെയ് 16നായിരുന്നു. രണ്ടാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്തത് 2019 മെയ് 30 വ്യാഴാഴ്ചയായിരുന്നു. മെയ് 23നായിരുന്നു അത്തവണത്തെ ഫലപ്രഖ്യാപനം.
കഴിഞ്ഞ രണ്ട് തവണയും സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത് രാഷ്‌ട്രപതി ഭവനിലായിരുന്നെങ്കിശൽ. ഇത്തവണ കർത്തവ്യപഥിലാകും സത്യപ്രതിജ്ഞാ ചടങ്ങെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.