ജറുസലേം: വടക്കൻ ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 35 മരണം. നിരവധിയാളുകൾക്ക് പരിക്കേറ്റതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയ പട്ടണത്തിലാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ വാസയോഗ്യമായ കെട്ടിടങ്ങൾ തകർന്നുവീണു. മരണസംഖ്യ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇറാനെതിരെ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് വടക്കൻ ഗാസയിലും ഇസ്രായേൽ ആക്രമണം നടത്തിയത്.
ബെയ്ത് ലാഹിയ പട്ടണത്തിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മുപ്പതിലധികം പേർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസികൾ അറിയിച്ചു. ബെയ്ത് ലാഹിയ പട്ടണത്തിൽ കഴിഞ്ഞയാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 73 പേർ കൊല്ലപ്പെട്ടിരുന്നു. വടക്കൻ ഗാസയിലെ പ്രധാന നഗരങ്ങളായ ജബാലിയ, ബെയ്ത് ഹനൗൺ, ബെയ്ത് ലാഹിയ പട്ടങ്ങളിൽ ഒരു മാസത്തോളമായി ഇസ്രായേൽ ആക്രമണം ശക്തമാക്കുകയാണ്. ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ 800ലധികമാളുകൾ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്.
ഗാസ മുനമ്പിലെ ബെയ്ത് ലാഹിയ പ്രദേശത്ത് ഹമാസ് യുദ്ധോപകരണങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം പറഞ്ഞു. വടക്കൻ ഗാസയിൽ ശക്തമായ ആക്രമണമാണ് ഇസ്രായേൽ തുടരുന്നത്. വെള്ളിയാഴ്ച ഇസ്രായേൽ സൈന്യം ആശുപത്രി ആക്രമിച്ചതായി ഗാസ മന്ത്രാലയം അറിയിച്ചു.
ഹമാസിൻ്റെ സാന്നിധ്യം തിരിച്ചറിഞ്ഞതിനാലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ വ്യക്തമാക്കുന്നത്. ബെയ്റൂട്ടിലെ ദഹിയ പ്രദേശത്തെ സായുധ സംഘത്തിൻ്റെ കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഇതിനിടെ ടെൽ അവീവിന് തെക്ക് ഇസ്രായേലിൻ്റെ വ്യോമതാവളത്തിൽ ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടു.
ഗാസയിൽ 2023 ഒക്ടോബർ ഏഴുമുതൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 42,847 പേർ കൊല്ലപ്പെടുകയും 100,544 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹമാസ് ഇസ്രായേലിൽ കടന്നുകയറി നടത്തിയ ആക്രമണത്തിൽ ഇസ്രായേലിൽ 1,139 പേർ കൊല്ലപ്പെടുകയും 200ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.
വടക്കൻ ഗാസയിലെ കമാൽ അദ്വാൻ ആശുപത്രിയിൽ നിന്ന് ഇസ്രായേൽ സൈന്യം പിൻവാങ്ങി. വെള്ളിയാഴ്ച ആശുപത്രിയുടെ നിയന്ത്രണം ഇസ്രായേൽ സൈന്യം പിടിക്കുകയും ആരോഗ്യ പ്രവർത്തകരെയും രോഗികളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഡസൻ കണക്കിന് ജീവനക്കാരെയും ചില രോഗികളെയും സൈന്യം തടവിലാക്കിയതായി പലസ്തീൻ എൻക്ലേവ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.