പാലക്കാട്: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഢാലോചനാക്കേസില്‍ ഷാജ് കിരണിന്‍റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. ഉച്ച കഴിഞ്ഞ് മൂന്നുമണിയോടെ പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തി മൊഴി നൽകാനാണ് നിർദേശം.
ഗൂഢാലോചന കേസില്‍ ഷാജ് കിരണിന്റെ സുഹൃത്ത് ഇബ്രാഹിം രഹസ്യമൊഴി നല്‍കിയിരുന്നു. സിപിഎം നേതാവ് സിപി പ്രമോദ് പാലക്കാട് ഡിവൈഎസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 164 രേഖപ്പെടുത്തുന്നത്. സ്വപ്ന നേരത്തെ നൽകിയ മൊഴികൾക്ക് വിരുദ്ധമായ പ്രസ്താവനകൾ നടത്തികലാപത്തിന് ശ്രമിക്കുന്നു എന്നാണ് പരാതിയിലെ പ്രധാന ആരോപണം. കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് സർക്കാറിനെതിരായ ഗൂഢാലോചന അന്വഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറുകയായിരുന്നു.
അതിനിടെ, അട്ടപ്പാടിയിൽ ആദിവാസി ഭൂമി കയ്യേറുകയും കുടിലുകൾ കത്തിക്കുകയും ചെയ്തെന്ന കേസിൽ അറസ്റ്റിലായ എച്ചആര്‍ഡിഎസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണയുടെ ജാമ്യാപേക്ഷ, മണ്ണാർക്കാട് എസ് സി എസ് ടി കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ചിരുന്നുവെങ്കിലും കൂടുതൽ ചോദ്യം ചെയ്യാനുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച് 24 മണിക്കൂർ പൊലീസ് കസ്റ്റഡി അനുവദിക്കുകയായിരുന്നു.
വൈകീട്ടോടെ അജികൃഷ്ണനെ കോടതിയിൽ ഹാജരാക്കും. ആദിവാസി ഭൂമി കയ്യേറി, ജാതിപ്പേര് വിളിച്ച് പരിഹസിച്ചു, ഭൂമിയിൽ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി, ആദിവാസികളെ മർദിച്ചു. കുടിലുകൾ കത്തിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം എടുത്ത കേസിൽ ഒരു വർഷത്തിന് ശേഷമാണ് തുടർ നടപടി ഉണ്ടായത്.
വിദേശത്തായിരുന്ന അജി കൃഷ്മൻ അട്ടപ്പാടിയിൽ തിരിച്ചെത്തിയതിന് തൊട്ടു പിന്നാലെ, തിങ്കളാഴ്ച രാത്രിയായിരുന്നു അറസ്റ്റ്. കെട്ടിച്ചമച്ച കേസ് ആണെന്നും, കേസിൽ ഉൾപ്പെട്ട ഒരാളെ സ്ഥപാനം സംരക്ഷിക്കുന്നതിനാൽ സർക്കാർ പക തീർക്കുക ആണെന്നുമാണ് പ്രതിഭാഗത്തിന്‍റെ വാദം.