ആലപ്പുഴ: ആര്‍എസ്എസ് – എസ്ഡിപിഐ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടര്‍ ആണ് ഉത്തരവിട്ടത്.
മരണാനന്തര ചടങ്ങുകള്‍ക്കല്ലാതെ അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ല. വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്കാണ് നടപടി. 1973-ലെ ക്രിമിനല്‍ നടപടി നിയമത്തിലെ 144-ാം വകുപ്പ് പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് പൊലീസിന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
അതേസമയം ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് എസ്ഡിപിഐ പ്രവര്‍ത്തകരെ പ്രതിയാക്കി പോലീസ് കേസെടുത്തു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ ഇരുപത്തിയഞ്ചോളം പേര്‍ക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം ആലപ്പുഴയിലെ ബി.ജെ.പി ഹര്‍ത്താലിനിടെ ചേര്‍ത്തലയില്‍ വ്യാപക അക്രമം. അഞ്ചു കടകള്‍ തകര്‍ക്കുകയും മൂന്നെണ്ണത്തിന് തീവെക്കുകയും ചെയ്തു. എസ്.ഡി.പി.ഐ ചേര്‍ത്തല മണ്ഡലം സെക്രട്ടറി സുനീര്‍, എസ്.ഡി.പി.ഐ പ്രാദേശിക നേതാവ് ഷിഹാബുദ്ദീന്റെ പച്ചക്കറിക്കട എന്നിവയും തീവെച്ചവയില്‍ ഉള്‍പ്പെടും. വാഹനങ്ങളും തല്ലിത്തകര്‍ത്തു. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
വയലാറില്‍ ആര്‍.എസ്.എസ് -എസ്.ഡി.പി.ഐ സംഘര്‍ഷത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ആര്‍.എസ്.എസ് നാഗംകുളങ്ങര ശാഖ പ്രവര്‍ത്തകന്‍ നന്ദു കൃഷ്ണയാണ് കൊല്ലപ്പെട്ടത്. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹം വൈകിട്ടോടെ വിലാപയാത്രയായി നാട്ടിലെത്തിക്കും.
അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ പാണാവള്ളി സ്വദേശി റിയാസ്, അരൂര്‍ സ്വദേശി നിഷാദ്, വടുതല സ്വദേശി യാസര്‍, എഴുപുന്ന സ്വദേശി അനസ്, വയലാര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍, ചേര്‍ത്തല സ്വദേശികളായ സുനീര്‍, ഷാജുദീന്‍ എന്നിവരാണ് അറസ്റ്റിലായത്.
സംഘര്‍ഷത്തില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വയലാര്‍ സ്വദേശി കെ.എസ്. നന്ദു(22)വിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബുധനാഴ്ച രാത്രി എട്ടോടെ വയലാര്‍ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം. ഉച്ചക്ക് എസ്.ഡി.പി.ഐ പ്രചരണ ജാഥക്കിടെ പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ വൈകിട്ട് എസ്.ഡി.പി.ഐയും ആര്‍.എസ്.എസും പ്രതിഷേധ പ്രകടനവും നടത്തി. സ്ഥലത്ത് ചേര്‍ത്തല പോലീസ് കാവല്‍ ഉണ്ടായിരുന്നു.
പ്രകടനങ്ങള്‍ക്കു ശേഷം പിരിഞ്ഞു പോയ പ്രവര്‍ത്തകര്‍ തമ്മില്‍ വീണ്ടും സംഘര്‍ഷമുണ്ടാകുകയായിരുന്നു. പോലീസ് നോക്കി നില്‍ക്കെയാണ് സംഘര്‍ഷവും ആക്രമണവും ഉണ്ടായത്. ഇരുവിഭാഗവും തമ്മില്‍ കല്ലേറും കൂട്ടത്തല്ലുമുണ്ടായി. ഇതിനിടെയാണ് നന്ദു കൃഷ്ണയ്ക്ക് വെട്ടേറ്റത്.